വാറ്റ് നികുതിയും സർക്കാർ ഫീസുകളും വർധിക്കുമെന്ന വാർത്തകൾ വ്യാജം
|ബഹ്‌റൈനിൽ വാറ്റും സർക്കാർ ഫീസുകളും വർധിക്കുമെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചരണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ബഹ്‌റൈൻ പാർലമെന്റ് ഒന്നാം ഉപാധ്യക്ഷൻ അബ്ദുന്നബി സൽമാൻ വ്യക്തമാക്കി.
സർക്കാർ പദ്ധതികൾ പാർലമെന്റ് പൂർണമായും അംഗീകരിച്ച വിവരം വിശദീകരിക്കാൻ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരും പാർലമെന്റ് സമിതിയും തമ്മിലുള്ള ചർച്ചയിൽ ജനങ്ങളുടെ വിപണന ശേഷി ശക്തമായ നിലയിൽ തുടരുന്നതിനാണ് ധാരണയായിട്ടുള്ളത്.
അതിനാൽ ഒരു തരത്തിലുള്ള അധിക ഫീസോ അധിക നികുതിയോ ഉണ്ടായിരിക്കുന്നതല്ല. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾക്ക് സർക്കാർ നൽകുന്ന സഹായധന പദ്ധതി നവീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദീകരണം പിന്നീടുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു. പാർലമെന്റ് രണ്ടാം ഉപാധ്യക്ഷൻ അഹ്മദ് അബ്ദുൽ വാഹിദ് ഖറാത്തയും പത്ര സമ്മേളനത്തിൽ സന്നിഹിതനായിരുന്നു.