കാലാവധി കഴിഞ്ഞ വസ്തുക്കളുടെ വിൽപന; അഞ്ച് കടകൾ അടപ്പിച്ചു
|ബഹ്റൈനിൽ കാലാവധി കഴിഞ്ഞ വസ്തുക്കൾ വിൽപന നടത്തിയ അഞ്ച് കടകൾ അടപ്പിക്കുകയും കടയുടമയെ റിമാന്‍റിലെടുക്കുകയും ചെയ്തു. കാലാവധി കഴിഞ്ഞ ഈത്തപ്പഴവും ഈത്തപ്പഴ സത്തും വിൽപന നടത്തിയിരുന്ന കടക്ക് ലൈസൻസില്ലായിരുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തുകയും ഇതിനെ തുടർന്ന് നടപടി സ്വീകരിക്കുകയുമായിരുന്നു.
കാലാവധി രേഖപ്പെടുത്തിയ സ്റ്റിക്കർ ഇളക്കി മാറ്റിയതിന് ശേഷമാണ് ഇവ വിൽപനക്കായി വെച്ചിരുന്നത്. കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ പിടിച്ചെടുത്ത സ്ഥാപനവും അതിന് കീഴിലുള്ള മറ്റ് ബ്രാഞ്ചുകളും അടച്ചിടാൻ അധികൃതർ ഉത്തരവിട്ടു. 900 ത്തിലധികം ഉൽപന്നങ്ങളാണ് കാലാവധി കഴിഞ്ഞതായി കണ്ടെത്തിയത്. ഉൽപന്നങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിന് ആവശ്യമായ ലൈസൻസുമില്ലായിരുന്നു.
ഉൽപന്നങ്ങൾ മാർക്കറ്റ് ചെയ്യുന്നതിനുള്ള പ്രത്യേക സീലും നിർമാണ തീയതിയും കാലാവധി കഴിയുന്ന തീയതിയും രേഖപ്പെടുത്തിയ സ്റ്റിക്കറുകളും കണ്ടെത്തി. കാലാവധി കഴിഞ്ഞ ഉൽപന്നങ്ങളുടെ സ്റ്റിക്കർ ഒഴിവാക്കിയ നിലയിലാണ് കണ്ടെത്തിയത്. സാഹചര്യത്തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ സ്ഥാപനം സീൽ ചെയ്യാനും ഉടമയെ റിമാന്‍റിലെടുക്കാനും അധികൃതർ ഉത്തരവിടുകയായിരുന്നു.