Bahrain
Rescued a Malayali in Bahrain
Bahrain

സഹജീവനക്കാർ മർദിച്ച് പൂട്ടിയിട്ട മലയാളിയെ സാമൂഹിക പ്രവർത്തകർ രക്ഷപ്പെടുത്തി

Web Desk
|
6 March 2023 3:49 PM GMT

ബഹ്‌റൈനിൽ സഹജീവനക്കാർ അകാരണമായി മർദിക്കുകയും ഭക്ഷണം നൽകാതെ പൂട്ടിയിടുകയും ചെയ്ത മലയാളി യുവാവിനെ സാമൂഹിക പ്രവർത്തകർ ഇടപെട്ട് രക്ഷപ്പെടുത്തി. വെൽഡറായി ജോലി വാഗ്ദാനം ചെയ്താണ് കൊല്ലം സ്വദേശിയായ യുവാവിനെ ബഹ്‌റൈനിലെത്തിച്ചത്.

എന്നാൽ, ടെന്റുകൾ നിർമിക്കുന്ന കമ്പനിയിലായിരുന്നു ജോലി. സ്ഥാപനത്തിലെ ഏക മലയാളിയായ യുവാവിനെ പാകിസ്താനികളായ മറ്റു ജീവനക്കാർ അകാരണമായി മർദിക്കുകയായിരുന്നെന്നാണ് പരാതി.

കമ്പനിയോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഇതു ചോദ്യം ചെയ്തപ്പോൾ മുറിയിൽ പൂട്ടിയിടുകയായിരുന്നു. ഫോണിൽ ബന്ധുക്കളെ വിവരമറിയിച്ചതിനെത്തുടർന്ന് ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകനും പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡുമായ സുധീർ തിരുനിലത്തിനെ ബന്ധപ്പെട്ടു.

അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം പൊലീസ് സ്റ്റേഷനിലും എൽ.എം.ആർ.എയിലും പരാതി നൽകി. ഇന്ത്യൻ എംബസിക്കും പരാതി നൽകിയിട്ടുണ്ട്. കമ്പനിക്കെതിരെയും യുവാവിനെ മർദിച്ച ജീവനക്കാർക്കെതിരെയും പൊലീസ് കേസെടുത്തു.

Similar Posts