Bahrain
ശക്തമായ പൊടിക്കാറ്റ്: ബഹ്‌റൈനില്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്
Bahrain

ശക്തമായ പൊടിക്കാറ്റ്: ബഹ്‌റൈനില്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്

Web Desk
|
17 May 2022 11:39 AM GMT

രാജ്യത്ത് ശക്തമായ പൊടിക്കാറ്റ് ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈന്‍ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. അന്തരീക്ഷ കാഴ്ചക്ക് മങ്ങലേല്‍ക്കുമെന്നും റോഡ്, വ്യോമ ഗതാഗതം കരുതലോടെയായിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

പൊടിക്കാറ്റുമൂലം നിരത്തുകളില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിച്ചതായി പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണകാര്യ മന്ത്രാലയത്തിലെ മുനിസിപ്പല്‍ കാര്യ അണ്ടര്‍ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിന്‍ അഹ്മദ് അല്‍ ഖലീഫ വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ വീശിയ പൊടിക്കാറ്റ് മൂലം റോഡിന്റെ വശങ്ങളില്‍ അടിഞ്ഞുകൂടിയ 150 ലോഡ് മണലാണ് നീക്കം ചെയ്തത്. ഇത് വാഹന ഗതാഗതത്തെ ബാധിച്ച പശ്ചാത്തലത്തിലാണ് അടിയന്തര നടപടി സ്വീകരിച്ചത്. കൂടാതെ ഇലക്ട്രിക് ചൂല്‍ സംവിധാനമുള്ള വാഹനങ്ങളുപയോഗിച്ച് പൊടിപടലങ്ങള്‍ നീക്കം ചെയ്യുന്നതിനും നടപടി സ്വീകരിച്ചു.

ദക്ഷിണ ഗവര്‍ണറേറ്റ് പരിധിയിലെ മിക്ക പ്രദേശങ്ങളിലും പൊടിക്കാറ്റ് ബാധിച്ചിരുന്നു. ഇവിടെ 15 പരസ്യ ബോര്‍ഡുകള്‍ നിലം പതിച്ചു. ഒടിഞ്ഞുവീണ മരച്ചില്ലകള്‍ എടുത്തുമാറ്റുന്നതിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ചൂല്‍ സംവിധാനമുള്ള വാഹനങ്ങള്‍ നിരത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും നടപടി സ്വീകരിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar Posts