കൊള്ളപ്പലിശയിൽ കുരുങ്ങി യുവാവ് ജീവനൊടുക്കി; നടപടി ആവശ്യപ്പെട്ട് ഭാര്യയുടെ പരാതി
|മലപ്പുറം പള്ളിക്കൽ ചേലപ്പുറത്ത് വീട്ടിൽ പി.സി രാജീവനാണ് ജീവനൊടുക്കിയത്
ബഹ്റൈന്‍: ബഹ്‌റൈനിൽ യുവാവ് ജീവനൊടുക്കിയതിന് കാരണക്കാരായ കൊള്ളപ്പലിക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യ അധികൃതർക്ക് പരാതി നൽകി. സനദിലെ ഒരു കടയിൽ ജോലി ചെയ്തിരുന്ന മലപ്പുറം പള്ളിക്കൽ ചേലപ്പുറത്ത് വീട്ടിൽ പി.സി രാജീവൻ (40) മരിച്ച സംഭവത്തിലാണ് നീതി തേടി ഭാര്യ പി.എം സിംജിഷ രംഗത്തെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, നോർക്ക റൂട്ട്‌സ് സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി, ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ എന്നിവർക്കാണ് പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബർ 26ന് വൈകിട്ടാണ് രാജീവനെ ഹമലയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണശേഷം ഇദ്ദേഹത്തിന്റ സഹോദരീ ഭർത്താവ് മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് കൊള്ളപ്പലിശക്കാരുടെ ക്രൂരതയിലേക്ക് വിരൽചൂണ്ടുന്ന വാട്‌സാപ്പ് സന്ദേശങ്ങൾ കണ്ടെത്തിയത്. ഹമദ് ടൗണിലെ കാർപ്പന്ററി വർക്ക്‌ഷോപ്പിൽ ജോലി ചെയ്യുന്ന മലപ്പുറം തിരൂർ സ്വദേശിയിൽ നിന്ന് രാജീവൻ അമിത പലിശക്ക് പണം വാങ്ങിയിരുന്നുവെന്നും അയാളുടെ ഭീഷണിയും മാനസിക സമ്മർദ്ദവും സഹിക്കാനാകാതെ ജീവനൊടുക്കുകയായിരുന്നുവെന്നുമാണ് പരാതിയിൽ പറയുന്നത്. പലിശക്കാരനും ബന്ധുവിനും ഇതുസംബന്ധിച്ച് വാട്‌സാപ്പിൽ ശബ്ദസന്ദേശമയച്ച ശേഷമായിരുന്നു മരണം.
കൂടുതൽ പണം തന്നില്ലെങ്കിൽ തന്നെ കൊല്ലുമെന്ന് പലിശക്കാരൻ ഭീഷണിപ്പെടുത്തിയതായി രാജീവന്റെ ശബ്ദസന്ദേശത്തിലുണ്ട്. കൊള്ളപ്പലിശക്കാരന്റെ നിർദ്ദേശപ്രകാരം രാജീവൻ വിവിധ അക്കൗണ്ടുകളിലേക്ക് പണമയച്ചതിെന്റ രേഖകളും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. ഭാര്യ, നാലും ഒമ്പതും വയസുള്ള രണ്ടു മക്കൾ, 76 വയസുള്ള പിതാവ്, 67 വയസുള്ള മാതാവ് എന്നിവരാണ് രാജീവനുള്ളത്.