Bahrain
അന്താരാഷ്ട്ര നാണയ നിധി പ്രതിനിധികളുമായി ബഹ്‌റൈന്‍  തൊഴില്‍ മന്ത്രി ചര്‍ച്ച നടത്തി
Bahrain

അന്താരാഷ്ട്ര നാണയ നിധി പ്രതിനിധികളുമായി ബഹ്‌റൈന്‍ തൊഴില്‍ മന്ത്രി ചര്‍ച്ച നടത്തി

Web Desk
|
23 Jan 2022 2:03 PM GMT

അന്താരാഷ്ട്ര നാണയനിധി പ്രതിനിധികളുമായി ബഹ്‌റൈന്‍ തൊഴില്‍, സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ചര്‍ച്ച നടത്തി. ഓണ്‍ലൈനില്‍ നടന്ന ചര്‍ച്ചയില്‍ കോവിഡ് പ്രതിസന്ധി നേരിടുന്നതിന് ബഹ്റൈന്‍ ആവിഷ്കരിച്ച പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

സാമ്പത്തിക ഉത്തേജന പാക്കേജ് വഴി സാമൂഹികവും സാമ്പത്തികവുമായ മേഖലകളില്‍ സുസ്ഥിരത ഉറപ്പാക്കാന്‍ സാധിച്ചതായി നാണയ നിധി അംഗങ്ങള്‍ പറഞ്ഞു. സാമ്പത്തിക മേഖലയില്‍ ബഹ്റൈന്‍ കൈവരിച്ച നേട്ടം ശ്രദ്ധേയമാണ്. തൊഴില്‍ വിപണിയുടെ സുസ്ഥിരതക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെയും സംഘം പ്രശംസിച്ചു. കോവിഡാനന്തര പ്രവര്‍ത്തന പദ്ധതികളെക്കുറിച്ച് മന്ത്രി വിശദീകരിച്ചു.

കോവിഡാനന്തര പ്രവര്‍ത്തന പദ്ധതികളും അത് വഴിയുണ്ടാകുന്ന മാറ്റങ്ങളും അദ്ദേഹം അവതരിപ്പിച്ചു. 2019 ല്‍ ഹമദ് രാജാവ് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് വഴി 4.5 ബില്യണ്‍ ദിനാറാണ് ചെലവഴിച്ചത്. തദ്ദേശീയ തൊഴില്‍ ശക്തിക്കും തൊഴില്‍ വിപണിക്കും ഇത് വലിയ ഉണര്‍വേകുകയുണ്ടായി. സ്വകാര്യ മേഖലയില്‍ നിന്നും തൊഴിലാളികളെ പിരിച്ചു വിടുന്നതിനും ഇത് സഹായകമായി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ കീഴില്‍ ആവിഷ്കരിച്ച ഉത്തേജന പദ്ധതികളിലൂടെ ഭാവി സാമ്പത്തിക വളര്‍ച്ചക്ക് ആക്കം കൂട്ടുന്നതിനുള്ള റോഡ്മാപായിരുന്നു.

അഞ്ച് സുപ്രധാന അടിസ്ഥാനങ്ങളിലൂന്നിയുള്ള പദ്ധതി തൊഴില്‍ വിപണിയെ ശക്തിപ്പെടുത്തുന്നതും 20,000 സ്വദേശികള്‍ക്ക് വര്‍ഷം തോറും തൊഴില്‍ നല്‍കുന്നതോടൊപ്പം വര്‍ഷാന്തം 10,000 പേര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതുമാണ്. 2021ല്‍ 26,000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. 6642 സ്വകാര്യ സ്ഥാപനങ്ങളില്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭിച്ചത് നേട്ടമാണ്.

കൂടാതെ 12,000 പേര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാനും മന്ത്രാലയത്തിന് കീഴില്‍ സാധിക്കുകയുണ്ടായി. നേടിയ വിദ്യാഭ്യാസത്തിനും ലഭ്യമാകുന്ന തൊഴിലിനുമിടയിലുള്ള വിടവ് നികത്താന്‍ പരിശീലനം വഴി സാധ്യമാകുമെന്ന് തെളിഞ്ഞിട്ടുണ്ട്. തൊഴിലന്വേഷകര്‍ക്ക് മികച്ച ഇടങ്ങളായി സ്വകാര്യ മേഖല മാറുന്നുവെന്നതും ശുഭോദര്‍ക്കമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar Posts