ബഹ്‌റൈനിൽ പുതിയ മന്ത്രിസഭ ആദ്യയോഗം ചേർന്നു
|ബഹ്‌റൈനിൽ പുതിയ മന്ത്രിസഭ രൂപവത്കരിക്കാൻ ഉത്തരവിറക്കിയ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫക്ക് കാബിനറ്റ് അംഗങ്ങൾ ആശംസകൾ നേർന്നു. സർക്കാരിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഭാവിയിൽ കൂടുതൽ നന്നായി മുന്നോട്ടു പോകുന്നതിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭക്ക് സാധ്യമാകുമെന്ന് ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഹമദ് രാജാവിന്റെ കാഴ്ചപ്പാടുകൾക്കനുസൃതമായി രാജ്യത്തിന്റെ വികസനവും വളർച്ചയും ഉറപ്പാക്കാനും സുസ്ഥിര വികസന വഴിയിലൂടെ മുന്നോട്ടു പോകാനും സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക, സാമ്പത്തിക, സേവന മേഖലകളിൽ മികവിന്റെ പര്യായമായി മാറാൻ വിവിധ മന്ത്രാലയങ്ങൾക്ക് കഴിയട്ടെയെന്നും ആശംസിച്ചു.
ധനകാര്യ മന്ത്രിയുടെ മെമ്മോറാണ്ടം കാബിനറ്റിൽ അവതരിപ്പിച്ചു. ഒമാനും ബഹ്‌റൈനും തമ്മിൽ സീ കാർഗോ, സീപോർട്ട് മേഖലയിൽ സഹകരിക്കുന്നതിനുളള നിർദേശത്തിനും അംഗീകാരം നൽകി. വിവിധ മന്ത്രിമാർ പങ്കെടുത്ത യോഗങ്ങളെ സംബന്ധിച്ച റിപ്പോർട്ടും ഗുദൈബിയ പാലസിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ അവതരിപ്പിച്ചു.