പവർ ബാങ്ക് മൊബൈൽ ചാർജർ പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ചു
|കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു
ബഹ്റൈനിലെ ഹമദ് ടൗണിലുണ്ടായ തീപിടുത്തത്തിൽ അൽ ലൗസിയിലെ വീടിന് വൻ നാശനഷ്ടമുണ്ടായി. ഏഴംഗ കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുടുംബത്തെ ദാർ അൽ കരാമ സർക്കാർ അഭയകേന്ദ്രത്തിലേക്ക് താൽക്കാലികമായി മാറ്റി. താപസമ്മർദം മൂലം ചാർജ് ചെയ്യുന്നതിനിടെ പോർട്ടബിൾ പവർ ബാങ്ക് മൊബൈൽ ചാർജർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്ന് സ്ഥലം സന്ദർശിച്ച ഏരിയ കൗൺസിലർ സൈനബ് അൽ ദുറാസി പറഞ്ഞു.
മൂന്നു നിലകളും തീയിൽ കത്തിനശിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുടെ വ്യാപ്തി നിർണയിക്കാൻ വർക്സ്, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ മന്ത്രാലയം, നോർത്തേൺ ഗവർണറേറ്റ്, തൊഴിൽ സാമൂഹിക വികസന മന്ത്രാലയം എന്നിവയുടെ പ്രതിനിധികൾ പരിശോധന നടത്തി.
90 ശതമാനത്തിലധികം വസ്തുക്കളും കത്തിനശിച്ചു. കുടുംബം എത്രയും വേഗം അവരുടെ താമസസ്ഥലത്തേക്ക് മടങ്ങുെന്നന്ന് ഉറപ്പാക്കുന്നതിന് നഗരവികസന പദ്ധതി പ്രകാരം വീടിന്റെ അടിയന്തര പുനഃസ്ഥാപനത്തിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട അധികാരികളോട് കൗൺസിലർ അഭ്യർഥിച്ചു.
കുടുംബത്തിന് താൽക്കാലിക പാർപ്പിടം നൽകുന്നതിനായി ദാർ അൽ കരാമ ഗവ. ഷെൽറ്ററുമായി മിസ് അൽ ദുരാസി കത്തിടപാടുകൾ നടത്തി.