ഗതാഗത നിയമലംഘനത്തിന് നാടുകടത്തൽ അടക്കമുള്ള ശിക്ഷയെന്ന് ഗതാഗത മന്ത്രാലയം
|ബഹ്റൈനിൽ ഗതാഗത നിയമലംഘനം നടത്തി പിടിയിലാകുന്ന പ്രവാസികളായ ഡ്രൈവർമാർ നാടുകടത്തൽ അടക്കമുള്ള നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് ട്രാഫിക് അഡ്വ. ജനറൽ അറിയിച്ചു.
നിയമലംഘനത്തിൽ പിടിക്കപ്പെടുന്ന ഡ്രൈവർമാരെ വിചാരണക്കായി കോടതിയിൽ ഹാജരാക്കും. രാജ്യത്ത് ഗതാഗത നിയമ ലംഘനങ്ങൾ കൂടുന്നത് അതീവ ഗൗരവതരമായ സ്ഥിതി വിശേഷമാണെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
പിടിക്കപ്പെടുന്ന ഡ്രൈവർമാരെ കോടതിയിൽ ഹാജരാക്കും. നിയമലംഘനങ്ങളുടെ തോത് സമീപ കാലത്തായി വർധിച്ചത് ജനങ്ങളുടെ ജീവനും സുരക്ഷിതത്വത്തിനും ഭീഷണി സൃഷ്ടിക്കുകയാണ്. അമിത വേഗത, അപകടകരമായ ഓവർടേക്കിങ്, തുടങ്ങിയ ഗതാഗത നിയമലംഘനങ്ങളും റോഡിലെ തെറ്റായ രീതിയിലുള്ള വാഹനങ്ങളുടെ ട്രാക്ക് മാറ്റവും വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ട്.
നിയമ ലംഘനങ്ങൾക്കെതിരെയുള്ള നടപടികൾ കർശനമാക്കുന്നതിൻറെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോകളുടെ അടിസ്ഥാനത്തിലും കുറ്റക്കാരെ പിടികൂടിയിരുന്നു. വരുംദിവസങ്ങളിൽ കർശന നടപടികളുമായി മുന്നോട്ടുപോകുമെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി.