തുർക്കി-സിറിയ ഭൂകമ്പ ദുരിതാശ്വാസം; നാല് ദശലക്ഷം ദിനാർ സംഭരിച്ചു
|റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന് കീഴിൽ ആരംഭിച്ച തുർക്കിയ-സിറിയ ഭൂകമ്പ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ നാല് ദശലക്ഷം ദിനാർ ലഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.
മൂന്ന് ദിവസം മുൻപ് ബഹ്റൈൻ ടി.വി മൂന്ന് മണിക്കൂർ നടത്തിയ സഹായസംരംഭ യത്നം വിജയകരമായിരുന്നതായി ആർ.എച്ച്.എഫ് സെക്രട്ടറി ഡോ. മുസ്തഫ അസ്സയ്യിദ് അറിയിച്ചു. ബാപ്കോ, തത്വീർ, ബനാഗ്യാസ്, ജീപെക്, അസ്രി എന്നീ കമ്പനികൾ 1,50,000 ദിനാർ സഹായമായി നൽകി.
അൽബ ഒരു ലക്ഷം ദിനാറും ഫണ്ടിലേക്ക് നൽകിയിട്ടുണ്ട്. എൻ.ബി.ബി, സാമിൽ, ഗൾഫ് കൊമേഴ്ഷ്യൽ ബാങ്ക്, ജി.എഫ്.എച്ച്, ബി.ബി.കെ, ബിയോൺ മണി എന്നിവ 50,000 ദിനാറും സഹായമായി നൽകി.
സമീർ അബ്ദുല്ല നാസ് 37,697ദിനാറും സീഫ് കമ്പനി, ബഹ്റൈൻ ഇസ്ലാമിക് ബാങ്ക്, സീനി കമ്പനി എന്നിവ 20,000 ദിനാർ വീതവും എസ്.ടി.സി 20,735 ദിനാറും സൈൻ ബഹ്റൈൻ 18,850 ദിനാറും തകാഫുൽ കമ്പനി 15,000 ദിനാറും ലിമാർ ഹോൾഡിങ് കമ്പനി 7540 ദിനാറും, സാലിഹ് അൽ സാലിഹ് കമ്പനി, മാസ, ബഹ്റൈൻ ക്രെഡിറ്റ് എന്നിവ 5,000 ദിനാർ വീതവും നൽകി.