Bahrain
വയനാട് ദുരന്തം; ഭവനരഹിതർക്ക് വീടുകൾ നിർമിച്ചു നൽകുമെന്ന് ബി.എം.സി
Bahrain

വയനാട് ദുരന്തം; ഭവനരഹിതർക്ക് വീടുകൾ നിർമിച്ചു നൽകുമെന്ന് ബി.എം.സി

Web Desk
|
4 Aug 2024 1:55 PM GMT

മനാമ: വയനാട് ദുരന്തത്തിൽ ഭവനരഹിതരായവർക്ക് ഒന്നോ അതിലധികമോ വീടുകൾ നിർമിച്ചു നൽകുന്നതിന് മുൻകൈയെടുക്കുമെന്ന് ബഹ്‌റൈനിൽ ബി.എം.സി. ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു. പ്രകൃതിദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാനും എല്ലാം നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തെ കുറിച്ച് ചർച്ച ചെയ്യുവാനും ബി.എം.സിയിൽ യോഗം ചേർന്നു. ചെയർമാൻ ഫ്രാൻസ് കൈതാരത്ത് അധ്യക്ഷത വഹിച്ചു.

ബി.എം.സി ശ്രാവണ മഹോത്സവത്തിന്റെ ആഡംബര ചെലവുകൾ വെട്ടിക്കുറച്ചും യോഗത്തിൽ പങ്കെടുത്തവരുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെയുമായിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് അദ്ദേഹം പറഞ്ഞു. വിവിധ കൂട്ടായ്മകളെയും സംഘടനകളെയും പ്രതിനിധാനം ചെയ്ത് പങ്കെടുത്ത അംഗങ്ങളും ബി.എം.സി കുടുംബാംഗങ്ങളും ഭവന നിർമാണ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു.

യോഗത്തിൽ ബി.എം.സി ശ്രവണ മഹോത്സവം കമ്മിറ്റി ചെയർമാൻ ഇ.വി. രാജീവൻ, പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ്, സംസ്‌കൃതി പ്രസിഡൻറ് സുരേഷ്, ഒ.ഐ.സി.സി പ്രതിനിധി ജേക്കബ് തേക്കുതോട്, പി.എൽ.സി പ്രസിഡൻറ് സുധീർ തിരുനിലത്ത് തുടങ്ങിയവർ സംസാരിച്ചു. വയനാട് ദുരന്തത്തെ കുറിച്ചുള്ള വിഡിയോ പ്രദർശനവും നടന്നു. രാജേഷ് പെരുങ്കഴി സ്വാഗതവും റിജോയ് മാത്യു നന്ദിയും പറഞ്ഞു

Similar Posts