Bahrain
മീഡിയവണ്ണിനൊപ്പം; പ്രതിഷേധ സംഗമം  നടത്തി ബഹ്‌റൈനിലെ പ്രവാസികളും
Bahrain

'മീഡിയവണ്ണിനൊപ്പം'; പ്രതിഷേധ സംഗമം നടത്തി ബഹ്‌റൈനിലെ പ്രവാസികളും

Web Desk
|
14 Feb 2022 7:06 AM GMT

മൗലികാവകാശങ്ങൾക്കെതിരെയുള്ള കടന്നു കയറ്റമാണ് സംപ്രേക്ഷണ വിലക്കെന്ന് സംഗമം ഉദ്ഘാടനം ചെയ്ത പാർലമെന്റ് അംഗം എൻ.കെ പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു

മീഡിയവൺ സംപ്രേക്ഷണ വിലക്കിനെതിരെ ബഹ്‌റൈനിലെ പ്രവാസികളും . 'മീഡിയവണ്ണിനൊപ്പം' എന്ന തലക്കെട്ടിൽ നടത്തിയ ഓൺലൈൻ സംഗമം ബഹു ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഭരണഘടന പൗരന്മാർക്ക് നൽകുന്ന മൗലികാവകാശങ്ങൾക്കെതിരെയുള്ള കടന്നു കയറ്റമാണ് സംപ്രേക്ഷണ വിലക്കെന്ന് സംഗമം ഉദ്ഘാടനം ചെയ്ത പാർലമെന്റ് അംഗം എൻ.കെ പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു. ഈ നീതികേടിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളാണ് പാർലമെന്റിനകത്തും പുറത്തും നടന്നു കൊണ്ടിരിക്കുന്നത്. മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങൾ നമ്മുടെ ജനാധിപത്യ സംവിധാനത്തെ അത്യന്തം അപകടകരമായ അവസ്ഥയിലേക്കായിരിക്കും കൊണ്ടെത്തിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബഹ്‌റൈനിലെ വിവിധ സംഘടനാ നേതാക്കളും മാധ്യമ പ്രവർത്തകരും സാമൂഹിക, കലാ, സാംസ്കാരിക മേഖലയിലെ പ്രമുഖരും ബഹുജനങ്ങളും പങ്കെടുത്ത പരിപാടിയിൽ മാധ്യമങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തിനെയുള്ള ഈ നടപടിയെ അപലപിക്കുകയും മീഡിയാവണ്ണിനോട് ഈ വിഷയത്തിൽ ഐക്യപ്പെടുന്നതായും അറിയിച്ചു.

പത്ത് വർഷത്തോളമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മീഡിയവൺ ചാനലിനെതിരെ ഇത് വരെ ഉയർന്നു വന്നിട്ടില്ലാത്ത ദേശസുരക്ഷാ പ്രശ്നങ്ങൾ ഇപ്പോൾ ഉന്നയിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് ചാനൽ അധികൃതരെ അറിയിക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്.സംപ്രേക്ഷണ വിലക്കിനെതിരെ മുഴുവൻ മതേതര, ജനാധിപത്യ വിശ്വാസികളുടെയും യോജിച്ചുള്ള മുന്നേറ്റമാണ് വേണ്ടത്. സാമൂഹികമായി പിന്നോക്കം നിൽക്കുന്നവർക്കും അവഗണിക്കപ്പെടുന്നവർക്കും വേണ്ടി കാഴ്ചയില്ലാത്തവരുടെ കാഴ്ചയും കേൾവിയില്ലാത്തവരുടെ കേൾവിയുമാണ് ചാനൽ നിരോധനത്തിലൂടെ ഇല്ലാതാക്കാൻ അധികാരികൾ ശ്രമിക്കുന്നത്.



വിയോജിപ്പുകൾ ഉൾക്കൊള്ളുന്ന സംവാദാത്മക ജനാധിപത്യവ്യവസ്ഥിതിയിൽ നിന്നും വഴിമാറി വിയോജിപ്പുകളെ വിലക്കേർപ്പെടുത്തി ഇല്ലാതാക്കാനാണ് ഫാസിസ്റ്റ് ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സർക്കാരുകളുടെ താൽപര്യങ്ങൾക്കൊപ്പം നിൽക്കാത്തവരെ നിരോധനത്തിലൂടെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ഒരിക്കലും ന്യാകരിക്കപ്പെടാൻ പാടില്ലാത്തതാണ്. രാജ്യത്തെ പത്ര മാധ്യമങ്ങളും പൊതുസമൂഹവും നേതാക്കളും തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഈ വിഷയത്തിൽ ഒറ്റക്കെട്ടായി നിൽക്കുന്നത് ഏറെ സന്തോഷം നൽകുന്നതാണ്. ദേശീയ മാധ്യമങ്ങളിലും പാർലിമെന്റിന്റെ ഇരു സഭകളിലും പ്രതിഷേധങ്ങൾ ഉയർന്നതും ശുഭകരമാണെന്നും സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

പരിപാടിയിൽ ബഹ്‌റൈനിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, പ്രതിഭ ബഹ്‌റൈൻ പ്രസിഡന്റ് ജോയ് വെട്ടിയാടൻ, കെ.എം.സി.സി. പ്രസിഡന്റ് ഹബീബ് റഹ് മാൻ, ഒ.ഐ.സി.സി. പ്രസിഡന്റ് ബിനു കുന്നന്താനം, ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി, സമസ്ത സെക്രട്ടറി അഷ്‌റഫ് കാട്ടിൽപീടിക, വിസ്‌ഡം പ്രതിനിധി അബ്ദുൽ അസീസ് ടി.പി, സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, ഫ്രാൻസിസ് കൈതാരത്ത്, സൈഫുല്ല കാസിം , അബ്രഹാം ജോൺ, പങ്കജ് നാഭൻ, ബഷീർ എസ്.വി, ഫസ് ലുൽ ഹഖ്, റെയ്സൺ വർഗീസ്, വൽസരാജ് കുയിമ്പിൽ, നിസാർ കൊല്ലം, ചെമ്പൻ ജലാൽ, മനോജ് വടകര, ബദ്‌റുദ്ദീൻ പൂവാർ, അഷ്‌കർ പൂഴിത്തല, അസീസ് ഏഴംകുളം, അനീസ് വി.കെ, ഇബ്രാഹിം ഹസൻ പൂക്കാട്ടിരി, കെ.ടി.സലിം, സുനിൽ ബാബു, മാധ്യമപ്രവർത്തകരായ അശോക് കുമാർ, പ്രവീൺ കൃഷ്ണ, തുടങ്ങിയവർ സംസാരിച്ചു.

സിയാദ് ഏഴംകുളം, പ്രദീപ് പത്തേരി, മുസ്തഫ കുന്നുമ്മൽ, ഷംസ് കൊച്ചിൻ, കമാൽ മുഹ്‌യുദ്ദീൻ, ഷാജി കാർത്തികേയൻ, ലത്തീഫ് മരക്കാട്ട്, കാസിം പാടകത്തായിൽ, റംഷാദ് അയിലക്കാട്, അൻവർ മൊയ്തീൻ, ബോബി തേവേരിൽ, റഫീഖ് അബ്ദുല്ല, യു.കെ ബാലൻ, മജീദ് തണൽ, രഞ്ജിത്ത് ജോൺ, ഷെമിലി പി.ജോൺ, മൊയ്തീൻ പയ്യോളി, ഷിബു പത്തനം തിട്ട, ഷാജഹാൻ, സക്കീന അബ്ബാസ്, റഷീദ് മാഹി, ബെന്നി വർഗീസ്, ലത്തീഫ് ആയഞ്ചേരി, സൽമാനുൽ ഫാരിസ്, ഫൈസൽ വില്ല്യാപ്പള്ളി, അബ്ദുറഹ് മാൻ അസീൽ, ജെ.പി.കെ തിക്കോടി, മുസ്തഫ, യൂസുഫ് കെ.പി, ജോബി ജോസ്, സുരേഷ് മണ്ടോടി, ഹസീബ് അബ്ദുറഹ് മാൻ തുടങ്ങിയവരും പങ്കെടുത്തു. ഇ.കെ. സലിം അധ്യക്ഷത വഹിച്ച പരിപാടിയിൽ ജമാൽ ഇരിങ്ങൽ സ്വാഗതവും എ.എം ഷാനവാസ് നന്ദിയും പറഞ്ഞു.

Similar Posts