കാർലോസ് ക്വീറോസ് ഇനി ഖത്തർ ദേശീയ ഫുട്ബാൾ ടീം പരിശീലകൻ
|ലോകകപ്പിന് പിന്നാലെ കോച്ച് ഫെലിക്സ് സാഞ്ചസുമായുള്ള കരാര്‍ ഖത്തര്‍ അവസാനിപ്പിച്ചിരുന്നു
ഖത്തർ: കാർലോസ് ക്വീറോസിനെ ഖത്തർ ദേശീയ ഫുട്ബാൾ ടീം പരിശീലകനായി തിരഞ്ഞെടുത്തു. ലോകകപ്പില്‍ ഇറാന്റെ പരിശീലകനായിരുന്നു പോര്‍ച്ചുഗീസുകാരനായ ക്വീറോസ് . ലോകകപ്പിന് പിന്നാലെ കോച്ച് ഫെലിക്സ് സാഞ്ചസുമായുള്ള കരാര്‍ ഖത്തര്‍ അവസാനിപ്പിച്ചിരുന്നു. പരിചയ സമ്പന്നനായ കാര്‍ലോസ് ക്വീറോസ് ഖത്തറിന്റെ പരിശീലകനാകുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇന്നാണ് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
പോർചുഗൽ ദേശീയ ടീം കോച്ചായിരുന്ന ക്വീറോസ് ഈജിപ്ത്, കൊളംബിയ, ദക്ഷിണാഫ്രിക്ക, യു.എ.ഇ ടീമുകളുടെയും കോച്ചായിരുന്നു. സ്പാനിഷ് ലീഗില്‍ റയൽ മഡ്രിഡ് ക്ലബിന്റെയും പരിശീലകനായിരുന്നു. 1989ലും 1991ലും പോർചുഗൽ അണ്ടർ 20 ടീമിനെ ഫിഫ വേൾഡ് യൂത്ത് ചാമ്പ്യൻഷിപ്പിലേക്ക് നയിച്ചാണ് ക്വീറോസ് പരിശീലക കരിയറിന് തുടക്കമിട്ടത്. ഇറാനെ കഴിഞ്ഞ മൂന്നു ലോകകപ്പുകളിൽ -2014, 2018, 2022-യോഗ്യത നേടാൻ സഹായിച്ചത് പരിശീലക മികവിന് തെളിവാണ്.