കുവൈത്തിൽ സിവിൽ ഐ.ഡി കാർഡ് ലഭിക്കാന്‍ വൈകുന്നു
|നേരത്തെ ഇഖാമ പുതുക്കി പണമടച്ചു കഴിഞ്ഞാൽ 48 മണിക്കൂറിനുള്ളിൽ സിവിൽ ഐ.ഡി ലഭ്യമാക്കാൻ സാധിച്ചിരുന്നു
കുവൈത്ത് സിറ്റി: റസിഡൻസ് പൂര്‍ത്തിയാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും കുവൈത്തിൽ സിവിൽ ഐ.ഡി കിട്ടാൻ വൈകുന്നു. ഇത് കാരണം നിരവധി പ്രയാസങ്ങളാണ് പ്രവാസികള്‍ അനുഭവിക്കുന്നതെന്ന് പ്രാദേശിക മാധ്യമമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു.സിവിൽ ഐ.ഡി കാർഡിന് പകരം കുവൈത്ത് മൊബൈല്‍ ഐ.ഡിയിലെ ഡിജിറ്റല്‍ പകര്‍പ്പ് സ്വീകരിക്കുന്നുണ്ടെങ്കിലും ചിലയിടങ്ങില്‍ ഇപ്പോഴും ഔദ്യോഗിക ഇടപാടുകൾ പൂർത്തിയാക്കുന്നതിനായി ഒറിജിനൽ സിവിൽ ഐഡി പരിഗണിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം .
നേരത്തേ ഇഖാമ പുതുക്കി പണമടച്ചു കഴിഞ്ഞാൽ 48 മണിക്കൂറിനുള്ളിൽ സിവിൽ ഐ.ഡി ലഭ്യമാക്കാൻ സാധിച്ചിരുന്നു. സന്ദര്‍ശന വിസക്കായി ചില രാജ്യങ്ങളിലെ എംബസ്സിയില്‍ വിസ അപേക്ഷ നല്കുമ്പോഴും സ്വകാര്യ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ അഡ്മിഷനും ഒറിജിനൽ സിവിൽ ഐഡിയും ആവശ്യമാണ്. അതോടൊപ്പം സുരക്ഷാ പരിശോധനയില്‍ മൊബൈല്‍ ഫോണ്‍ കേടുപാടുകള്‍ സംഭവിച്ചാല്‍ പ്രവാസികള്‍ക്ക് ഡിജിറ്റൽ സിവിൽ ഐ.ഡി കാണിക്കുവാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. സിവിൽ ഐ.ഡി ഹോം ഡെലിവറി സേവനം താല്‍ക്കാലികമായി നിര്‍ത്തിയതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. വരും ദിവസങ്ങളില്‍ സിവിൽ ഐ.ഡി വിതരണം വേഗത്തിലാക്കി പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.