ഒമ്പത് മാസത്തിനിടെ യാത്രയായത് 82 ലക്ഷം പേർ; കുവൈത്ത് വിമാനത്താവളത്തില്‍ തിരക്ക് വര്‍ധിക്കുന്നു
|കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിന് ശേഷം വന്‍ തിരക്കാണ് എയര്‍പോര്‍ട്ടില്‍ അനുഭവപ്പെടുന്നത്.
കുവൈത്ത് സിറ്റി; സമ്മർ സീസണിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഒമ്പത് മാസത്തിനിടെ കുവൈത്ത് വിമാനത്താവളം വഴി 82 ലക്ഷം പേർ യാത്ര ചെയ്തതായി ഡി.ജി.സി.എ. അറിയിച്ചു.
കഴിഞ്ഞ മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ മാത്രം പത്ത് ലക്ഷം വിമാന ടിക്കറ്റുകളാണ് വിവിധ ട്രാവൽ ആൻഡ് ടൂറിസം ഓഫീസുകള്‍ വഴി വിറ്റഴിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിന് ശേഷം വന്‍ തിരക്കാണ് എയര്‍പോര്‍ട്ടില്‍ അനുഭവപ്പെടുന്നത്.
ഏകദേശം 43 ലക്ഷം യാത്രക്കാര്‍ കുവൈത്തില്‍ നിന്നും പുറപ്പെട്ടതായും 38 ലക്ഷം പേര് രാജ്യത്തേക്ക് പ്രവേശിച്ചതായും അധികൃതര്‍ പറഞ്ഞു.
ആറു മാസത്തെ കാലയളവിൽ ടിക്കറ്റ് വിൽപ്പനയിൽ നിന്ന് മാത്രമായി 240 ദശലക്ഷം ദിനാർ ലാഭം നേടിയതായി ട്രാവല്‍ അസോസിയേഷന് അറിയിച്ചു. 2021ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 72 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.