Gulf
Democracy, killed , Rahul Gandhi,Lok Sabha membership, Pravasi Welfare- Dammam,
Gulf

രാഹുൽഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയതിലൂടെ ജനാധിപത്യവും കൊലചെയ്യപ്പെട്ടു : പ്രവാസി വെൽഫെയർ- ദമ്മാം

Web Desk
|
24 March 2023 6:58 PM GMT

പ്രതിപക്ഷം ഇല്ലാത്ത രാജ്യം ആണ് ആർ.എസ്.എസ് വിഭാവന ചെയ്യുന്നതെന്ന് പ്രവാസി വെൽഫെയർ ദമ്മാം റീജിയണൽ കമ്മിറ്റി

ദമ്മാം: സൂറത്തു കോടതിവിധി മുൻനിർത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ സെക്രട്ടറിയേറ്റിന്റെ നടപടിയിലൂടെ ജനാധിപത്യത്തെ ഹിന്ദുത്വ ഫാസിസം കൊലപ്പെടുത്തുകയാണെന്ന് പ്രവാസി വെൽഫെയർ ദമ്മാം റീജിയണൽ കമ്മിറ്റി പത്രകുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.

ഭരണകൂടത്തെ വിമർശിക്കുന്ന രാഷ്ട്രീയ പ്രസംഗത്തെ മുൻനിർത്തി സൂറത്ത് കോടതി പുറപ്പെടുവിച്ച വിധി അഭിപ്രായ സ്വാതന്ത്ര്യത്തെ എല്ലാ അർത്ഥത്തിലും തകർക്കുന്നതാണ്. വംശഹത്യക്ക് നേതൃത്വം കൊടുത്തവരും അതിനു നിരന്തരം ആഹ്വാനം ചെയ്യുന്നവരും പ്രധാനമന്ത്രിയും മന്ത്രിമാരും ലോക്സഭാ അംഗങ്ങളുമായി വിലസുന്ന ഇന്ത്യയിലാണ് വെറും രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിൽ ഒരു നേതാവ് തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടത് എന്നത് വിചിത്രമാണ്. പ്രതിപക്ഷം ഇല്ലാത്ത രാജ്യം ആണ് ആർ.എസ്.എസ് വിഭാവന ചെയ്യുന്നത്.

പാർലമെന്റിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നിരവധി ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടു കൊണ്ടിരിക്കുമ്പോൾ അതിന് നേതൃത്വം കൊടുക്കുന്ന ജനപ്രതിനിധിയെ തന്നെ പുറത്താക്കി നിശബ്ദമാക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമാണ് ഈ നടപടി എന്നത് ഉറപ്പാണ്. നേരത്തെ ലക്ഷദ്വീപ് എം.പി ഫൈസലിനെ പ്രാദേശിക കോടതി വിധിയുടെ അടിസ്ഥാനത്തിൽ അയോഗ്യനാക്കിയ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്യുകയും തീരുമാനം പിൻവലിക്കേണ്ടി വരികയും ചെയ്തിരുന്നു. ഇതൊന്നും പരിഗണിക്കാതെ രാഹുൽഗാന്ധിയുടെ അംഗത്വം റദ്ദാക്കാൻ തുനിഞ്ഞിറങ്ങിയതിലൂടെ ജനാധിപത്യത്തെ കുഴിച്ചുമൂടാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു എന്ന് വ്യക്തമാവുകയാണന്ന് പ്രവാസി വെൽഫെയർ ദമ്മാം റീജീയണൽ കമ്മിറ്റി പ്രസിഡൻ്റ് അബ്ദുറഹീം തീരൂർക്കാട് പ്രധിഷേധ കുറിപ്പിൽ പറഞ്ഞു.

Similar Posts