ഹജ്ജിനെത്തുന്ന തീർഥാടകർ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന തമ്പുകളുടെ നഗരമെന്ന് അറിയപ്പെടുന്ന മിനായിലെ വിശേഷങ്ങൾ
|ഇപ്പോൾ ഇവിടെ ആധുനിക സംവിധാനങ്ങളുള്ള സ്ഥിരം ടെന്‍റുകളാണ് ഉപയോഗിക്കുന്നത്. മരുഭൂമിയിലെ കൊടുചൂടിനെ അതിജീവിക്കാൻ തമ്പുകളിൽ ശീതീകരണ സംവിധാനം ഒരുക്കിയിട്ടുണ്ട്. പുറത്തെ ചൂടകറ്റാൻ പ്രത്യേക വാട്ടർ സ്പ്രേയും.
ഹജ്ജ് കർമത്തിനിടെ ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമം നടക്കുന്ന സ്ഥലമാണ് മിനാ താഴ്‍വര. ഹജ്ജിനെത്തുന്ന തീർഥാടകർ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നതും മിനായിൽ തന്നെ. തമ്പുകളുടെ നഗരമെന്നാണ് മിനാ അറിയപ്പെടുന്നത്.
മക്കയിലെ ഹറം പള്ളിക്ക് കിഴക്കുഭാഗത്താണ് തമ്പുകളുടെ നഗരമായ മിനസ്ഥിതിചെയ്യുന്നത്. മക്കയിലെത്തുന്ന ഹാജിമാർ ഉംറ നിർവഹിച്ച ശേഷം ആദ്യമെത്തുക മിനായിലാണ്. ഹറമിൽ നിന്ന് നാലു കിലോമീറ്റർ അകലെയാണ് മിന. എങ്കിലും ഭൂരിഭാഗം ഹാജിമാരും നടന്നാണ് മിനായിലേക്ക് പോകുക.
മിനായിലെത്തിയാൽ തമ്പ് കെട്ടുകയാണ് ഹാജിമാർ ആദ്യം ചെയ്യുക. എന്നാൽ ഇപ്പോൾ ഇവിടെ ആധുനിക സംവിധാനങ്ങളുള്ള സ്ഥിരം ടെന്‍റുകളാണ് ഉപയോഗിക്കുന്നത്. മരുഭൂമിയിലെ കൊടുചൂടിനെ അതിജീവിക്കാൻ തമ്പുകളിൽ ശീതീകരണ സംവിധാനം ഒരുക്കിയിട്ടുണ്ട്. പുറത്തെ ചൂടകറ്റാൻ പ്രത്യേക വാട്ടർ സ്പ്രേയും.
ലക്ഷങ്ങൾ തമ്പടിക്കുന്ന ടെന്‍റുകളിൽ പലതവണ അഗ്നിബാധയടക്കമുള്ള അപകടങ്ങളുണ്ടായിട്ടുണ്ട്. ഇതേതുടർന്നാണ് തീ പടരാത്ത സാങ്കേതിക വിദ്യകൂടി ഉപയോഗിച്ച് സൗദി സർക്കാർ അത്യാധുനിക ടെന്‍റുകൾ നിർമിച്ചത്. ഹജ്ജ് കർമങ്ങൾക്കായി തീര്‍ഥാടകര്‍ ഏറ്റവുമധികം സമയം ചിലവിടുന്നതും ഈ പുണ്യനഗരിയിലാണ്.
ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫ സംഗമം നടക്കുന്നതിന്‍റെ തലേ ദിവസം തന്നെ ഹാജിമാർ മിനയിൽ എത്തും. ഹജ്ജിനിടെ അഞ്ചു ദിവസത്തോളമാണ് തീർഥാടകർ ഇവിടെ ചിലവഴിക്കുന്നത്. തീര്‍ഥാടകര്‍ക്ക് വിപുലമായ സൗകര്യങ്ങളൊരുക്കിയിരിക്കുന്ന മസ്ജിദ് ദുല്‍ഖൈഫും മിനായില്‍ തന്നെയാണ്. മിനായിലെ ടവറുകളിലും താമസ സൗകര്യമുണ്ട്. 13 നിലകളിലായി ആറ് ടവറുകൾ. ഇവയിൽ 20,000 പേർക്ക് താമസിക്കാം. തീർഥാടന കാലത്ത് മാത്രമാണ് മിനയിൽ ജനവാസമുണ്ടാകുക. മറ്റ് സമയങ്ങളിൽ ആളും ആരവുമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന ഇടം കൂടിയാണ് മിനാ.