മദീനയിലെ ഖുബാ പള്ളി വികസനം; പ്രദേശത്തുനിന്ന് കെട്ടിടങ്ങൾ ഒഴിയുവാനുള്ള സമയ പരിധി അവസാനിച്ചു
|അറുപത്തി ആറായിരം പേർക്ക് പ്രാർത്ഥിക്കാനാകും വിധമാണ് പള്ളി വികസിപ്പിക്കുന്നത്
ജിദ്ദ: മദീനയിലെ ഖുബാ പള്ളി വികസനവുമായി ബന്ധപ്പെട്ട് പ്രദേശത്തുനിന്ന് കെട്ടിടങ്ങൾ ഒഴിയുവാനുള്ള സമയ പരിധി അവസാനിച്ചു. വരും ദിവസങ്ങളിൽ പദ്ധതി പ്രദേശത്ത് നിന്നും കെട്ടിടങ്ങൾ പൊളിച്ച് നീക്കും. അറുപത്തി ആറായിരം പേർക്ക് പ്രാർത്ഥിക്കാനാകും വിധമാണ് പള്ളി വികസിപ്പിക്കുന്നത്.
കിംഗ് സൽമാൻ പദ്ധതിയുടെ ഭാഗമായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കഴിഞ്ഞ റമദാനിലാണ് ഖുബ പള്ളി വികസന പദ്ധതി പ്രഖ്യാപിച്ചത്. ഇതിനായി ആദ്യ ഘട്ടത്തിൽ പദ്ധതി പ്രദേശത്തുള്ള ഇരുന്നൂറോളം ആളുകളുടെ കെട്ടിടങ്ങളും സ്ഥലങ്ങളും ഒഴിപ്പിക്കുമെന്ന് നേരത്തെ തന്നെ മദീന മേഖല വികസന അതോറിറ്റി അറിയിച്ചിരുന്നു. ഈ ആളുകൾക്ക് ഒഴിഞ്ഞുപോകുവാനായി അനുവദിച്ച സമയപരിധി ഇന്നത്തോടെ അവസാനിച്ചു. പ്രദേശത്തേക്കുള്ള വൈദ്യുതി, ജല സേവനങ്ങളെല്ലാം നിർത്തലാക്കി തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കെട്ടിടങ്ങൾ പൊളിച്ച് നീക്കി തുടങ്ങുമെന്ന് അതോറിറ്റി അറിയിച്ചു.
പ്രദേശത്ത് നിന്നും ഒഴിഞ്ഞ് പോകുന്നവർക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനായി ഭൂവുടമകളോട് ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളും അന്തിമ ക്ലിയറൻസ് സർട്ടിഫിക്കറ്റും സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പദ്ധതി പ്രദേശത്തെ ഈന്തപ്പനകളും, കൃഷിയിടങ്ങളും ചരിത്ര സ്ഥലങ്ങളും സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് ലക്ഷ്യം. നിലവിൽ 5,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള പള്ളിയുട ശേഷി പത്തിരട്ടിയായി 50,000 ചതുരശ്രമീറ്റർ വിസ്തീർണമുള്ളതാക്കി വർധിപ്പിക്കുവാനാണ് കിംഗ് സൽമാൻ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. പ്രവാചക കാലം മുതൽ വിവിധ ഘട്ടങ്ങളിലായി വികസിപ്പിച്ച ഖുബാ പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതിയാണിത്. പദ്ധതി പൂർത്തിയാകുന്നതോടെ 66,000 വിശ്വാസികൾക്ക് ഒരേ സമയം ആരാധന നടത്തുവാൻ സൗകര്യമുണ്ടാകും.