Gulf
ഒമാനിൽ ഉച്ചസമയങ്ങളിൽ തൊഴിലാളികളെ ജോലിക്ക് നിയമിക്കരുത്; മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം
Gulf

ഒമാനിൽ ഉച്ചസമയങ്ങളിൽ തൊഴിലാളികളെ ജോലിക്ക് നിയമിക്കരുത്; മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം

Web Desk
|
30 May 2023 6:37 PM GMT

ഒമാനിൽ ജൂൺ ഒന്നു മുതൽ ആഗസ്റ്റുവരെയുള്ള കാലയളവിൽ ഉച്ചക്ക് 12.30മുതൽ 3.30വരെയാണ് തൊഴിലാളികൾക്ക് ഉച്ച വിശ്രമം നൽകേണ്ടത്

മസ്കത്ത്: ഒമാനിൽ ഉച്ച സമയങ്ങളിൽ തൊഴിലാളികളെ ജോലിക്ക് നിയമിക്കരുതെന്ന് മുന്നറിയിപ്പ് നൽകി തൊഴിൽ മന്ത്രാലയം. വേനൽ ചൂടിൽനിന്ന് തൊഴിലാളികൾക്ക് സംരക്ഷണം നൽകാനായി ഉച്ചവിശ്രമം കർശനമായി കമ്പനികൾ നടപ്പാക്കണമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

ഒമാനിൽ ജൂൺ ഒന്നു മുതൽ ആഗസ്റ്റുവരെയുള്ള കാലയളവിൽ ഉച്ചക്ക് 12.30മുതൽ 3.30വരെയാണ് തൊഴിലാളികൾക്ക് ഉച്ചവിശ്രമം നൽകേണ്ടത്. തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി എല്ലാ നിർമാണ, തുറസ്സായ സ്ഥലങ്ങളിൽ ഉച്ചസമയങ്ങളിൽ ജോലി നിർത്തിവേക്കേണ്ടതാണെന്ന് തൊഴിൽ മന്ത്രാലയത്തിലെ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് മേധാവി സക്കറിയ ഖമീസ് അൽ സാദി പറഞ്ഞു. ഇന്ധന സ്റ്റേഷനുകളിൽ ഉച്ച സമയത്ത് അത്യാവശ്യമല്ലാതെ ഇന്ധനം നിറക്കുന്നത് ഒഴിവാക്കാൻ കമ്മ്യൂണിറ്റി ബോധവത്കരണ കാമ്പയിനുകളും മന്ത്രാലയം സജീവമാക്കിയിട്ടുണ്ട്. ഉച്ച സമയങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ കണ്ടെത്തിയാൽ മന്ത്രാലയം നിയമ നടപടികൾ സ്വീകരിക്കും. നിയമം ലംഘിക്കുന്നവർക്ക് 500 റിയാൽവരെ പിഴയും ഒരു മാസത്തെ തടവും ലഭിച്ചേക്കും. നിയമം പാലിക്കാത്ത സ്ഥാപനങ്ങളെക്കുറിച്ച് ഫോൺ വഴിയോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റുകൾ വഴിയോ അറിയിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.

Similar Posts