കുവൈത്തില്‍ മരുന്ന് ക്ഷാമം
|അടിയന്തര നടപടികളുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ മരുന്നു ക്ഷാമം കൂടുതൽ രൂക്ഷമാകുമെന്നാണ് സൂചനകള്‍
കുവൈത്തില്‍ മരുന്നുകള്‍ക്ക് ക്ഷാമം. രാജ്യത്തെ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളിലും ഫാര്‍മസികളിലും ചില മരുന്നുകളുടെ സ്റ്റോക്ക് ഉറപ്പാക്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് അധികൃതര്‍ പറഞ്ഞു. അന്താരാഷ്ട്ര മരുന്ന് കമ്പനികളുമായുള്ള ഡോക്യുമെന്ററി നടപടിക്രമങ്ങളുടെ താമസവും മരുന്നുകളുടെ വില നിർണയവും ഡ്രഗ് വെയർഹൗസുകളുടെ സംഭരണ ശേഷിയുമൊക്കെയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
കോവിഡ് മഹാമാരിക്കുശേഷം ചില മരുന്നുകമ്പനികൾ ഉൽപാദനം മതിയാക്കുകയും ഫാക്ടറികൾ അടച്ചുപൂട്ടുകയും ചെയ്തത് രാജ്യത്ത് മരുന്നുലഭ്യത രൂക്ഷമാക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രി ഡോ അഹമ്മദ് അൽ അവാദി നിലവിലെ അവസ്ഥയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായും വിഷയത്തില്‍ അടിയന്തിരമായി ഇടപെടുവാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയതായും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ മരുന്നുലഭ്യത ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക പദ്ധതി ആവിഷ്കരിച്ചതായും അധികൃതർ വ്യക്തമാക്കി. അടിയന്തര നടപടികളുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ മരുന്നു ക്ഷാമം കൂടുതൽ രൂക്ഷമാകുമെന്നാണ് സൂചനകള്‍.