കാറിൻ്റെ ഇൻ്റീരിയറിനകത്ത് മയക്കുമരുന്ന്; സൗദിയിൽ 9 കിലോയോളം മയക്കുമരുന്ന് പിടിച്ചെടുത്തു
|ലഹരി മരുന്നിൻ്റെ ഉപയോഗവും വ്യാപനവും തടയുന്നതിനായി രാജ്യത്തുടനീളം ശക്തമായ പരിശോധനകളാണ് നടന്ന് വരുന്നത്
ജിദ്ദ: സൗദിയിൽ രണ്ട് സംഭവങ്ങളിലായി 9 കിലോയോളം മയക്കുമരുന്ന് പിടിച്ചെടുത്തു. കാറിൻ്റെ ഇൻ്റീരിയറിനകത്തും ലഗേജിനുള്ളിലും വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തതായി സക്കാത്ത് ആൻ്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.
ലഹരി മരുന്നിൻ്റെ ഉപയോഗവും വ്യാപനവും തടയുന്നതിനായി രാജ്യത്തുടനീളം ശക്തമായ പരിശോധനകളാണ് നടന്ന് വരുന്നത്. പ്രത്യേക പരിശീലനം നേടിയ വിദഗ്ധ സംഘത്തിൻ്റെ നേതൃത്വത്തിലാണ് ലഹരി വേട്ട. കഴിഞ്ഞ ദിവസങ്ങളിലെല്ലാം നിരവധി പേർ രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നായി പിടിക്കപ്പെട്ടിരുന്നു. ഏറ്റവും ഒടുവിൽ രണ്ട് സംഭവങ്ങളിലായി 9 കിലോയോളം മയക്ക് മരുന്നാണ് അധികൃതർ പിടിച്ചെടുത്തത്.
ബത്ത അതിർത്തി വഴി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച കാറിൽ നിന്ന് ആറര കിലോയോളം മയക്ക് മരുന്ന് പിടിച്ചെടുത്തു. കാറിൻ്റെ മേൽക്കൂരയിൽ ഇൻ്റീരിയറിനകത്ത് പ്രത്യേകം പാക്കറ്റുകളാക്കി ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു ഇവ.
റിയാദ് അന്താരാഷ്ട്ര വിമാനത്താവളം വഴി എത്തിയ ഒരു യാത്രക്കാരൻ്റെ ബാഗേജിൽ നിന്നും രണ്ടേക്കാൽ കിലോയോളം മയക്കുമരുന്ന് പിടിച്ചെടുത്തു. ബാഗിൻ്റെ പാളികൾക്കുള്ളിൽ തിരിച്ചറിയാനാകാത്ത വിധം തുന്നിച്ചേർത്തായിരുന്നു ഇവ കടത്താൻ ശ്രമിച്ചത്. നാർക്കോട്ടിക് കൺട്രോളുമായി സഹകരിച്ച് ഇവ സ്വീകരിക്കാനെത്തിയവരുൾപ്പെടെ നാല് പേരെ സംഭവത്തിൽ അറസ്റ്റ് ചെയ്തതായി അതോറിറ്റി അറിയിച്ചു.