Gulf
ദുബൈ എക്സ്പോ സിറ്റി പാസ് പുറത്തിറക്കി; വിതരണം ഒക്ടോബർ മുതൽ
Gulf

ദുബൈ എക്സ്പോ സിറ്റി പാസ് പുറത്തിറക്കി; വിതരണം ഒക്ടോബർ മുതൽ

Web Desk
|
26 Sep 2022 6:25 PM GMT

കഴിഞ്ഞവർഷം ഒക്ടോബർ ഒന്ന് മുതൽ ആറുമാസം നീണ്ട ദുബൈ എക്സ്പോയ്ക്ക് സാക്ഷ്യം വഹിച്ച വേദിയാണ് ഇപ്പോൾ ദുബൈ എക്സ്പോ സിറ്റിയായി കാണികളെ വീണ്ടും വരവേൽക്കുന്നത്.

ദുബൈ എക്സ്പോ സിറ്റി ആസ്വദിക്കാൻ പുതിയ പാസ് പുറത്തിറക്കി. 120 ദിർഹമിന്‍റെ പാസ് ഉപയോഗിച്ച് ഒക്ടോബർ ഒന്ന് മുതൽ എക്സ്പോ നഗരം പൂർണമായും ആസ്വദിക്കാം. ഒരു ദിവസത്തെ പാസ് ഉപയോഗിച്ച് സുപ്രധാന പവലിയനുകളെല്ലാം കാണാൻ സാധിക്കും.

കഴിഞ്ഞവർഷം ഒക്ടോബർ ഒന്ന് മുതൽ ആറുമാസം നീണ്ട ദുബൈ എക്സ്പോയ്ക്ക് സാക്ഷ്യം വഹിച്ച വേദിയാണ് ഇപ്പോൾ ദുബൈ എക്സ്പോ സിറ്റിയായി കാണികളെ വീണ്ടും വരവേൽക്കുന്നത്. എക്സ്പോ സിറ്റി ദുബൈയുടെ വെബ്സൈറ്റിൽ നിന്ന് ഓൺലൈനായി പാസ് ലഭിക്കുമെന്ന് അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.

മൊബിലിറ്റി, ടെറ പവലിയനുകളിലും തുറക്കാനിരിക്കുന്ന വിഷൻ, വുമൺസ് പവലിയനുകളിലും പാസ് ഉപയോഗിച്ച് സന്ദർശിക്കാം. കൂടുതൽ പവലിയനുകൾ തുറക്കുന്നതോടെ അവിടെയും പ്രവേശിക്കാനാകും. അൽ വസ്ൽ പ്ലാസയിലും വാട്ടർ ഫീച്ചറിലും പ്രവേശിക്കാൻ എല്ലാ സന്ദർശകർക്കും അവസരമുണ്ടാകും.

12 വയസിന് താഴെയുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമാണ്. എന്നാലിവർ ടിക്കറ്റ് കൗണ്ടറിൽ നിന്ന് കോംപ്ലിമെന്‍ററി പാസ് വാങ്ങിയിരിക്കണം. നിലവിൽ ടെറ, അലിഫ് പവലിയനുകളിലേക്ക് പ്രവേശനത്തിന് ടിക്കറ്റിന് ഒരാൾക്ക് 50 ദിർഹമാണ് നിരക്ക്. വെബ്സൈറ്റിലും എക്സ്പോ സിറ്റിയിലെ നാല് ബോക്‌സ് ഓഫീസുകളിലും ടിക്കറ്റുകൾ ലഭ്യമായിരിക്കും.

സന്ദർശകരെ എക്സ്പോ സിറ്റിയുടെ മുഴുവൻ കാഴ്ചകളും കാണിക്കുന്ന കറങ്ങുന്ന നിരീക്ഷണ ഗോപുരമായ 'ഗാർഡൻ ഇൻ ദ സ്കൈ' പ്രവേശനത്തിന് 30ദിർഹമാണ് നിരക്ക്. അഞ്ച് വയസിൽ കുറഞ്ഞ പ്രായമുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ഇവിടെ സൗജന്യമാണ്. പവലിയനുകൾ രാവിലെ 10മുതൽ ആറു വരെ തുറന്നിരിക്കും.

നിരീക്ഷണ ഗോപുരം വൈകുന്നേരം മൂന്നു മുതൽ ആറു വരെയുമാണ് പ്രവർത്തിക്കുക. ഓപർചുനിറ്റി പവിലിയൻ എക്സ്പോ 2020 ദുബൈ മ്യൂസിയം എന്ന പേരിൽ പിന്നീട് തുറക്കും. ദുബൈ എക്സ്പോ 2020 വിശ്വമേളകളുടെ ചരിത്രവും വിജയവും ചേർത്തുവയ്ക്കുന്നതാകും ഈ മ്യൂസിയം.



Related Tags :
Similar Posts