ഇന്ത്യയില്‍നിന്നുള്ള യാത്രാവിലക്ക് ദുബൈ പിൻവലിച്ചു
|ജൂൺ 23 മുതൽ എമിറേറ്റ്‌സ് ദുബൈ സർവീസ് തുടങ്ങും
ഇന്ത്യയിൽനിന്നുള്ള യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ദുബൈ പിൻവലിച്ചു. രാജ്യത്തെ കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാവിലക്കാണ് ദുബൈ അധികൃതർ നീക്കിയത്. എമിറേറ്റ്‌സ് ജൂൺ 23 മുതൽ ദുബൈ സർവീസ് തുടങ്ങും.
ഇന്ത്യയിൽനിന്ന് ദുബൈയിലേക്ക് എത്തുന്നവർക്ക് ഈ മാസം 23 മുതലുള്ള പുതിയ കോവിഡ് പ്രോട്ടോകോൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഎഇ അംഗീകരിച്ച വാക്‌സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് രാജ്യത്തെത്താം. യാത്രക്ക് 48 മണിക്കൂറിനുള്ളിൽ പിസിആർ ടെസ്റ്റ് നടത്തിയ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. ദുബൈ വിമാനത്താവളത്തിലെത്തിയാൽ വീണ്ടും പിസിആർ ടെസ്റ്റ് നടത്തണം.
ഇന്ത്യയിൽനിന്നുള്ള യാത്രാവിലക്ക് നീക്കുന്നതിന്റെ മുന്നോടിയായായിരുന്നു പുതിയ പ്രോട്ടോകോൾ പ്രഖ്യാപിച്ചത്. കോവിഡ് ടെസ്റ്റ് റിസൽട്ടിൽ ക്യുആർ കോഡ് നിർബന്ധമാക്കിയിട്ടുണ്ട്. യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ മുൻപുള്ള റാപിഡ് പിസിആർ ടെസ്റ്റ് റിസൽട്ടും കൂടെക്കരുതണം.