ദുബൈ ടാക്സി കോർപറേഷനിൽ ഡ്രൈവർ, ബൈക്ക് റൈഡർ ഒഴിവുകൾ ; അഭിമുഖം ഇന്ന്
|ഡ്രൈവർമാർക്ക് 2,500 ദിർഹം വരെ ശമ്പളവും കമ്മീഷനും ലഭിക്കും
ദുബൈ: ദുബൈയിലെ ടാക്സി സേവനദാതാക്കളായ ദുബൈ ടാക്സി കോർപറേഷനിലേക്ക് ഡ്രൈവർമാരെയും ബൈക്ക് റൈഡർമാരെയും നിയമിക്കുന്നു. ഇന്നാണ് ഇതിനായി അഭിമുഖം നിശ്ചയിച്ചിരിക്കുന്നത്. ഡ്രൈവർമാർക്ക് 2,500 ദിർഹം വരെ ശമ്പളവും കമ്മീഷനും ലഭിക്കും. 23 നും 50 നും ഇടയിൽ പ്രായമുള്ള എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ യു.എ.ഇ, ജി.സി.സി ലൈസൻസ് ഉള്ളവരായിരിക്കണമെന്നും നിബന്ധനയുണ്ട്. പ്രതിമാസ ശമ്പളത്തിന് പുറമേ, ഡ്രൈവർമാർക്ക് അവരുടെ തൊഴിൽ കാലയളവിൽ ആരോഗ്യ ഇൻഷുറൻസും താമസസൗകര്യവും ലഭിക്കും. ബൈക്ക് റൈഡർ ജോലികൾക്ക് മറ്റ് ആനുകൂല്യങ്ങൾക്കൊപ്പം ഒരു ഡെലിവറിക്ക് 7.5 ദിർഹമാണ് കമ്പനി നൽകുക.
മാർച്ച് 31 വെള്ളിയാഴ്ച രാവിലെ 7 മുതൽ 11 വരെയാണ് ജോലിക്ക് അഭിമുഖം നടക്കുന്നത്. ദുബൈ അബൂഹൈൽ സെന്ററിലെ പ്രിവിലേജ് ലേബർ റിക്രൂട്ട്മെന്റ് ഓഫീസ് എം-11ലാണ് ഉദ്യോഗാർഥികൾ എത്തിച്ചേരേണ്ടത്. അഭിമുഖത്തിന് എത്തുന്നവർ താമസ വിസ, എമിറേറ്റ്സ് ഐ.ഡി, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, സി.വി എന്നിവയുടെ പകർപ്പുകളും വെള്ള പശ്ചാത്തലമുള്ള മൂന്ന് ഫോട്ടോകളും കൊണ്ടുവരണം. ബൈക്ക് റൈഡറുടെ ജോലിക്ക് അപേക്ഷിക്കുന്നവർക്ക് മോട്ടോർ ബൈക്ക് ലൈസൻസ് ഉണ്ടായിരിക്കണം. പലരും വീടുകളിൽ നോമ്പ് തുറക്കാൻ ഇഷ്ടപ്പെടുന്നതിനാൽ റമദാൻ മാസമായതോടെ ഡെലിവറി റൈഡർമാരുടെ ആവശ്യം വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ദുബൈ ടാക്സി കൂടുതലായി റൈഡർമാരെ നിയമിക്കുന്നത്.
അതിനിടെ ദുബൈ ആസ്ഥാനമായ വിമാനക്കമ്പനിയായ 'എമിറേറ്റ്സും' ലോകമെമ്പാടുമുള്ള 150 ലധികം തസ്തികകളിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ട്. ഇവയിൽ ഭൂരിഭാഗം ജോലികളും ദുബൈയിൽ തന്നെയാണ്. അക്കാദമിക് റോളുകൾ, ഐ.ടി, ക്യാബിൻ ക്രൂ, കാർഗോ, കൊമേഴ്സ്യൽ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്, മാർക്കറ്റിങ്, ബ്രാൻഡ്, എഞ്ചിനീയറിങ്, ഫിനാൻസ്, ഫ്ലൈറ്റ് ഡെക്ക് എന്നിങ്ങനെ വിവിധ തലങ്ങളിലാണ് നിയമനം നടക്കുന്നത്. താൽപര്യമുള്ള ഉദ്യോഗാർഥികൾ എമിറേറ്റ്സ് ഗ്രൂപ്പിന്റെ വെബ്സൈറ്റിലാ അപേക്ഷിക്കേണ്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് അപേക്ഷകൾ ലഭിക്കുന്നതിനാൽ എമിറേറ്റ്സിൽ മൽസരം കൂടുതലായിരിക്കും.