ഫിഫ ബീച്ച്സോക്കർ ലോകകപ്പ് അടുത്ത വർഷം ദുബൈയിൽ
|രണ്ടാം തവണയാണ് ദുബൈ ബീച്ച്, സോക്കർ ലോകകപ്പിന് വേദിയൊരുക്കുന്നത്
ദുബൈ: മറ്റൊരുലോകകപ്പിന് കൂടി ഗൾഫ് ആതിഥ്യമൊരുക്കുന്നു. 2023ലെ ബീച്ച്സോക്കർ ലോകകപ്പിന് ദുബൈ ആതിഥ്യമരുളുമെന്ന് ഫിഫ അറിയിച്ചു. ഖത്തറിൽ നടന്ന ഫിഫ കൗൺസിൽ യോഗത്തിലാണ് തീരുമാനം. 2025ലെ സോക്കർ ലോകകപ്പ് സീഷൽസിൽ നടത്താനും തീരുമാനമായി.
ഇതു രണ്ടാം തവണയാണ് ദുബൈ ബീച്ച്, സോക്കർ ലോകകപ്പിന് വേദിയൊരുക്കുന്നത്. 2009ൽ ദുബൈയിലാണ് ലോകകപ്പ് നടന്നത്. ടൂർണമെന്‍റിന്‍റെ 12-ാം എഡിഷനാണിത്. മികച്ച സ്പോർട്സ് ഹബ്ബാണ് ദുബൈ എന്നു വീണ്ടും തെളിയിക്കുന്നതാണ് ഫിഫ തീരുമാനം. ക്രിക്കറ്റ് ലോകകപ്പും ക്ലബ്ബ് ലോകകപ്പുമെല്ലാം മുൻപ് യു.എ.ഇയിൽ നടന്നിരുന്നു. ഖത്തർ ലോകകപ്പിനും നിറഞ്ഞ പിന്തുണയാണ് യു.എ.ഇ നൽകിയത്. ഫിഫയുടെ ഔദ്യോഗിക ഫാൻ ഫെസ്റ്റിന് തെരഞ്ഞെടുക്കപ്പെട്ട ആറ് ലോക നഗരങ്ങളിൽ ഒന്ന് ദുബൈ ആയിരുന്നു. ഇവിടെ ആയിരങ്ങൾ കളികാണാൻ എത്തി. 2009ൽ ഏറ്റവും മികച്ച ബീച്ച് സോക്കർ ലോകകപ്പ് നടത്തിയ ദുബൈയിൽ വീണ്ടും ലോകകപ്പ് നടത്താൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് ഫിഫ ടൂർണമെന്‍റ് ഡയറക്ടർ ജയ്മി യർസ പറഞ്ഞു. 2021ലെ ടൂർണമെന്‍റ് ലോകത്തെമ്പാടുമുള്ള 63 ദശലക്ഷം പേർ കണ്ടിരുന്നു. ഓരോ മത്സരത്തിനും ശരാശരി 2.2 ദശലക്ഷം കാഴ്ചക്കാരുണ്ടായിരുന്നു. 2019നെ അപേക്ഷിച്ച് വലിയ വളർച്ചയാണ് ഇക്കാര്യത്തിലുണ്ടായത്. 2023,25 ലോകകപ്പുകളിൽ ഇതിനേക്കാളേറെ കാഴ്ചക്കാരുണ്ടാവുമെന്നാണ് പ്രതീക്ഷ. 2005ൽ ബ്രസീലിലാണ് ബീച്ച്സോക്കർ ലോകകപ്പ്തുടങ്ങിയത്. അടുത്ത വർഷത്തെ ടൂർണമെന്‍റിന്‍റെ കൃത്യം തീയ്യതി ഫിഫ പ്രഖ്യാപിച്ചിട്ടില്ല.