വൻതുകയുടെ നികുതി വെട്ടിപ്പ്; ദുബൈയിൽ സ്ഥാപനം അടച്ചുപൂട്ടി
|ഫെഡറൽ ടാക്സ് അതോറിറ്റിയും ദുബൈ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നികുതി വെട്ടിപ്പ് പിടികൂടിയത്.
ദുബൈയിൽ വൻതുകയുടെ നികുതി വെട്ടിപ്പ് നടത്തിയ സ്ഥാപനം അധികൃതർ അടച്ചുപൂട്ടി. 91 ദശലക്ഷം ദിർഹമിന്റെ വെട്ടിപ്പാണ് കണ്ടെത്തിയത്. ടാക്സ് മുദ്രകളില്ലാത്ത 54 ലക്ഷം സിഗരറ്റ് പാക്കറ്റുകൾ കമ്പനിയിൽ നിന്ന് പിടിച്ചെടുത്തു.
ഫെഡറൽ ടാക്സ് അതോറിറ്റിയും ദുബൈ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പുകയില ഉൽപന്നങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനത്തിലെ നികുതി വെട്ടിപ്പ് പിടികൂടിയത്. ഇവിടെ 9,18,33,016 ദിർഹത്തിന്റെ നികുതിവെട്ടിപ്പാണ് കണ്ടെത്തിയതെന്ന് യു.എ.ഇ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇതോടെ സ്ഥാപനം ഉടൻ അടച്ചപൂട്ടാൻ അധികൃതർ ഉത്തരവിട്ടു. നികുതി വെട്ടിപ്പ് കണ്ടെത്താൻ യു.എ.ഇ ഫെഡറൽ ടാക്സ് അതോറിറ്റി ദുബൈ പൊലീസിന്റെ ക്രിമിനൽ ഇൻവിസ്റ്റിഗേഷൻ വിഭാഗവുമായി സഹകരിച്ച് ഊർജിത പരിശോധന തുടരുന്നതിനിടെയാണ് വൻ വെട്ടിപ്പ് കണ്ടെത്തിയത്.
കഴിഞ്ഞവർഷമാണ് പുകയില ഉൽപന്നങ്ങൾക്ക് യു.എ.ഇ ഡിജിറ്റൽ ടാക്സ് സിസ്റ്റം ഏർപ്പെടുത്തിയത്. ഇതനരുസരിച്ച് ടാക്സ് അടച്ചതിന്റെ ഡിജിറ്റൽ മുദ്ര പതിക്കാത്ത പുകയില ഉൽപന്നങ്ങൾ വിപണിയിൽ വിറ്റഴിക്കാൻ പാടില്ല. ഈമാസം 2,202 പരിശോധനകൾ നടത്തി 281 നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. 46 ലക്ഷം ദിർഹമിന്റെ തട്ടിപ്പ് കണ്ടെത്തിയതായി അതോറിറ്റി നേരത്തേ അറിയിച്ചിരുന്നു.