ദുബൈയിൽ പറക്കും കാർ എത്തും; അവതരിപ്പിക്കുന്നത് ജൈറ്റെക്സ് മേളയിൽ
|ഭാവിയുടെ വാഹനം എന്നാണ് ഈ പറക്കും കാർ അറിയപ്പെടുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി പ്രദർശനമായ ദുബൈ ജൈറ്റെക്സിൽ ഇക്കുറി പറക്കും കാർ എത്തും. ചൈനീസ് കമ്പനിയായ ഇവിടോൾ ആണ് രണ്ട് പേർക്ക് യാത്ര ചെയ്യാവുന്ന പറക്കും കാർ ദുബൈയിൽ അവതരിപ്പിക്കുക.
ഭാവിയുടെ വാഹനം എന്നാണ് ഈ പറക്കും കാർ അറിയപ്പെടുന്നത്. ദുബൈയിൽ ഇത്തരം കാറുകൾക്കും ചെറു വിമാനങ്ങൾക്കും മാത്രമായി വിമാനത്താവളം നിർമിക്കാനുള്ള പദ്ധതിയും സജീവമാണ്. യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന കാറുകൾക്ക് പുറമെ ഓൺലൈൻ ഡെലിവറി വസ്തുക്കളും ഇത്തരം വാഹനങ്ങൾ വഴി വിതരണം ചെയ്യുന്നു. ഇന്ന് തുറക്കുന്ന എക്സ്പോ നഗരിയിലും ഭാവിയിൽ ആളില്ലാ വാഹനങ്ങളാകും ആകർഷണം.
ഇതിന് മുന്നോടിയായാണ് ഒക്ടോബർ 10 മുതൽ 14 വരെ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ജൈറ്റെക്സിൽ പറക്കും കാർ എത്തുന്നത്. ടെക് കമ്പനിയായ എക്സ് പെങ്ങും ഇ.വി മാനുഫാക്ചററുമാണ് പറക്കും കാർ വികസിപ്പിച്ചത്. കുത്തനെ പറന്നുയരാനും താഴാനും ഈ കാറിന് കഴിയും.
ദുബൈ ചേംബർ ഓഫ് കൊമേഴ്സിന്റെ പിന്തുണയോടെയാണ് കാർ വികസിപ്പിച്ചത്. സ്വയം നിയന്ത്രിക്കാനുള്ള സമ്പൂർണ വൈദ്യുതി വാഹനമാണിത്. അതിനാൽ ഡ്രൈവറുടെ ആവശ്യമില്ല. മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയും. ഈ വർഷത്തെ ജൈറ്റെക്സിൽ 5000ഓളം കമ്പനികളുണ്ടാകുമെന്നാണ് അധികൃതരുടെ അറിയിപ്പ്.