റമദാനിൽ ഹറമിലേക്ക് ഭക്ഷണ പാനീയങ്ങൾ കൊണ്ടുവരാം; ഹറം കാര്യ വകുപ്പിന്‍റെ അനുമതി
|ഉണങ്ങിയ ഭക്ഷണങ്ങൾക്ക് മാത്രമാണ് അനുമതി.
മക്കയിലെ ഹറം പള്ളിയിലേക്ക് ഭക്ഷണ പാനീയങ്ങൾ കൊണ്ടുവരാൻ വീണ്ടും അനുമതി നൽകി. ശുചിത്വം കണക്കിലെടുത്ത് ഉണങ്ങിയ ഭക്ഷണങ്ങൾ മാത്രമേ അനുവദിക്കുകയുള്ളൂ. ഇത്തവണ റമദാനിൽ രണ്ടായിരത്തോളം ഇഫ്താർ പെർമിറ്റുകൾ അനുവദിച്ചതായി ഹറം കാര്യവകുപ്പ് അറിയിച്ചു.
കോവിഡ് വ്യാപനത്തോടെ ഹറമിനകത്തേക്ക് ഭക്ഷണ പാനീയങ്ങൾ പ്രവേശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനം കുറയുകയും നിയന്ത്രണങ്ങൾ പിൻവലിക്കുകയും ചെയ്തതോടെയാണ് നിയന്ത്രണങ്ങളോടെ ഭക്ഷണ പാനീയങ്ങൾ കൊണ്ടുവരാൻ വിശ്വാസികൾക്ക് അനുമതി നൽകിയത്. ഇതിനായി ഇരു ഹറം കാര്യാലയം മേധാവി ഷൈഖ് ഡോ. അബ്ദുൽ റഹ്മാൻ അൽ സുദൈസ് ബന്ധപ്പെട്ടവർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.
റമദാനിൽ റൊട്ടി, ചീസ് പോലുള്ള ഉണങ്ങിയ ഭക്ഷണങ്ങൾ ഹറമിലേക്ക് കൊണ്ടുവരാം. ഹറമിലെ ഇഫ്താർ സുപ്രയിൽ ഈത്തപ്പഴ വിതരണത്തിന് അനുയോജ്യമായ പ്ലാസ്റ്റിക് പ്ലെയ്റ്റുകൾ ഉപയോഗിക്കണമെന്ന് ഹറം കാര്യവകുപ്പ് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. എന്നാൽ ചൂടുള്ള പാനീയങ്ങൾ പ്ലാസ്റ്റിക് ഗ്ലാസുകളിൽ വിതരണം ചെയ്യാൻ പാടില്ല. മൂര്‍ച്ചയേറിയ ഉപകരണങ്ങള്‍ ഹറമില്‍ കൊണ്ടുവരുന്നതിനും വിലക്കുണ്ട്. ഇഫ്താര്‍ ഭക്ഷണം ഏറെ നേരത്തെ ഹറമില്‍ എത്തിച്ച് മുറ്റങ്ങളില്‍ സൂക്ഷിക്കരുതെന്നും ഹറം കാര്യവകുപ്പ് നിർദ്ദേശിച്ചു. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഹറമിൽ വീണ്ടും ഇഫ്താർ സുപ്രകൾ സജീവമാകുന്നത്. ഇതിനായി 2,000 ലേറെ പെര്‍മിറ്റുകൾ അനുവദിച്ചതായി ഹറം കാര്യവകുപ്പ് അറിയിച്ചു