ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ്; ഇത്തവണ ആറായിരം പ്രതിനിധികളെത്തും
|എഫ്ഐഐ ഏഴാം എഡിഷനെത്തുമ്പോൾ പ്രതീക്ഷകളേറെയാണ്
റിയാദ്: സൗദിയിലെ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിൽ ഇത്തവണ ആറായിരം പ്രതിനിധികളെത്തും. പത്ത് ലക്ഷം രൂപയിലേറെ പ്രവേശന ഫീസ് ഏർപ്പെടുത്തിയിട്ടും രജിസ്ട്രേഷൻ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചു. മാറുന്ന സൗദിയിലെ പുതിയ വൻകിട കമ്പനികളും മൂന്ന് ദിനം നീളുന്ന സമ്മേളനത്തിലെത്തും.
2017 ആരംഭിച്ചതാണ് എഫ്ഐഐ അഥവാ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ്. അന്താരാഷ്ട്ര സമ്മേളനം പോലെ തുടങ്ങിയ ഈ പ്രോഗ്രാം ഇന്ന് സൗദിയുടെ ഗതിയെ തന്നെ നിർണയിക്കുന്ന ഒന്നാണ്. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടെന്ന ലോകത്തെ ഏറ്റവും വലിയ സർക്കാർ നിയന്ത്രിത സാമ്പത്തിക കമ്പനികളിലൊന്നാണ് സമ്മേളനത്തിന് ചുക്കാൻ പിടിക്കുന്നത്. അഞ്ച് വർഷത്തിനിടെ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട് എഫ്ഐഐ. കഴിഞ്ഞ അഞ്ചു വർഷമായി ഇതിൽ പങ്കെടുക്കുന്ന സൗദിയിൽ സ്ഥിരതാമസ ഇഖാമയുള്ള അബ്ദുൽ റഹീം പട്ട൪ക്കടവൻ ഇക്കാര്യം അടിവരയിടുന്നു
ഏറെ മാറിയ സൗദിയിലേക്ക് എഫ്ഐഐ ഏഴാം എഡിഷനെത്തുമ്പോൾ പ്രതീക്ഷകളേറെയാണ്. മുമ്പെങ്ങുമില്ലാത്ത വിധം ശക്തമാണ് സൗദിയുടെ സാമ്പത്തിക രംഗം. എഫ്ഐഐ വഴി വന്ന നിയോം റെഡ് സീ ആശയങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്. മലയാളി നിക്ഷേപകനായ ഇദ്ദേഹമടക്കം നിരവധി പേർ എഫ്ഐഐയിലെത്തും. സൗദി കിരീടാവകാശി നേരിട്ട് പങ്കെടുക്കുന്ന സമ്മേളനം കൂടിയാണ് എഫ്ഐഐ. ഈ മാസം 24ന് തുടങ്ങുന്ന എഫ്ഐഐ 26 വരെ നീണ്ടു നിൽക്കും.