ത്യാഗസ്മരണ പുതുക്കി ഗള്‍ഫില്‍ ഇന്ന് ബലി പെരുന്നാള്‍
|ഈദിനോട് അനുബന്ധിച്ച് ഗൾഫ് രാജ്യങ്ങളിൽ ഒരാഴ്ചയോളം നീളുന്ന അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലിപെരുന്നാൾ. കോവിഡ് നിയന്ത്രണങ്ങൾക്ക് ഇടയിലും പെരുന്നാൾ ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് ഗൾഫിലെ പ്രവാസി സമൂഹം. മിക്ക ഗൾഫ് രാജ്യങ്ങളിലും നിയന്ത്രണങ്ങളോടെ ഈദ് നമസ്കാരത്തിന് അനുമതിയുണ്ട്. കേരളത്തിൽ നാളെയാണ് ബലി പെരുന്നാൾ.
പ്രവാചകൻ ഇബ്റാഹിം നബിയുടെയും മകൻ ഇസ്മായിലിന്റെയും ത്യാഗസ്മരണ പുതുക്കി വിശ്വാസികൾ പള്ളികളിലേക്കും ഈദ്ഗാഹുകളിലേക്കും ഒഴുകിയെത്തും. അറഫയും ഹജ്ജും വിജയകരമായി പൂർത്തിയാക്കിയതിന്റെ ആഹ്ലാദം കൂടിയാണ് ബലി പെരുന്നാൾ.
കോവിഡ് നിയന്ത്രണങ്ങളോടെ ഇക്കുറി സൗദി, യു എ ഇ, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങളിലെ ഈദ്ഗാഹുകളിലും പള്ളികളും പെരുന്നാൾ നമസ്കാരം നടക്കും. ഒമാനിൽ പക്ഷെ, പെരുന്നാളിന് സമ്പൂർണ ലോക്ക്ഡൗൺ ആരംഭിക്കും. ഒമാനിൽ പെരുന്നാൾ നമസ്കാരം വീടുകളിൽ നിർവഹിക്കണമെന്നാണ് നിർദേശം. ബഹ്റൈനിൽ ഗ്രാൻഡ് മസ്ജിദിൽ 30 പേർക്ക് നമസ്കാരത്തിന് എത്താൻ അനുമതിയുണ്ട്.
യു.എ.ഇയിൽ ഈദ് നമസ്കാരവും ഖുതുബയും 15 മിനിറ്റിൽ ഒതുക്കണം. പെരുന്നാളിനോട് അനുബന്ധിച്ച് ഗൾഫ് രാജ്യങ്ങളിൽ ഒരാഴ്ചയോളം നീളുന്ന അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ അവധിക്ക് ശേഷവും കോവിഡ് കേസും മരണങ്ങളും വർധിക്കുന്നു എന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ കനത്ത ജാഗ്രതയിലാണ് ആഘോഷം.