Gulf
ഗൾഫ് മാധ്യമം എജുകഫേ നാളെ; ആയിരക്കണക്കിന് വിദ്യാർഥികളും രക്ഷിതാക്കളുമെത്തും
Gulf

ഗൾഫ് മാധ്യമം എജുകഫേ നാളെ; ആയിരക്കണക്കിന് വിദ്യാർഥികളും രക്ഷിതാക്കളുമെത്തും

Web Desk
|
14 Nov 2023 6:35 PM GMT

ദുബൈ മുഹൈസിന ഇത്തിസലാത്ത് അക്കാദമിയിൽ നടക്കുന്ന ഈ വർഷത്തെ എജുകഫേയിയിൽ ഇന്ത്യയിലെയും യു.എ.ഇയിലെയും പ്രമുഖ വിദ്യാഭ്യാസ, കരിയർ സ്ഥാപനങ്ങൾ അണിനിരക്കും

ദുബൈ: ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മേളയായ 'ഗൾഫ് മാധ്യമം- എജുകഫെ' നാളെ ദുബൈയിൽ തുടങ്ങും. രണ്ടുദിവസം നീളുന്ന മേളയിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി വിവിധ സെഷനുകൾ നടക്കും. ഇത് ഒമ്പതാംതവണയാണ് ദുബൈയിൽ എജുകഫേ സംഘടിപ്പിക്കുന്നത്. ദുബൈ മുഹൈസിന ഇത്തിസലാത്ത് അക്കാദമിയിൽ നടക്കുന്ന ഈവർഷത്തെ എജുകഫേയിയിൽ ഇന്ത്യയിലെയും യു.എ.ഇയിലെയും പ്രമുഖ വിദ്യഭ്യാസ, കരിയർ സ്ഥാപനങ്ങൾ അണിനിരക്കും. ലോക ദീർഘദൂര കുതിരയോട്ട ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി മൽസരിച്ച നിദ അൻജുമുമായുള്ള കൂടിക്കാഴ്ചയാണ് മേളയിൽ ആദ്യം നടക്കുക. രാവിലെ 11ന് ഉദ്ഘാടനം നടക്കും.

പ്രമുഖ ഡാറ്റ അനലിസ്റ്റ് മുഹമ്മദ് അൽഫാൻ ആദ്യ ദിവസം സദസുമായി സംവദിക്കും. വൈകുന്നേരം എ.പി.ജെ അബ്ദുൽ കലാം ഇന്നവേഷൻ അവാർഡിനായുള്ള പ്രസൻറേഷനും വിവിധ സെഷനുകളും നടക്കും. വ്യാഴാഴ്ച എഴുത്തുകാരിയും മനഃശാസ്ത്ര വിദഗ്ധയുമായ ആരതി സി. രാജരത്‌നം, മജീഷ്യൻ മാജിക് ലിയോ എന്നിവരു സെഷനുണ്ടാകും. ആയിരക്കണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും മേളയിലെത്തും. യൂനിവേഴ്‌സിറ്റികൾ, മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളജുകൾ തുടങ്ങി ഉന്നതവിദ്യഭ്യാസ രംഗത്തെ വിവിധ സ്ഥാപനങ്ങൾ 'എജുകഫെ'യിലുണ്ടാകും.

വിദ്യാർഥികളുടെ മികച്ച ആശയങ്ങൾക്ക് മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം ഇന്നവേഷൻ അവാർഡും മേളയിൽ സമ്മാനിക്കും. വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും www.myeducafe.com എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. രജിസ്‌ട്രേഷനും പ്രവേശനവും സൗജന്യമായിരിക്കും.

Similar Posts