നീറ്റ് പരീക്ഷക്കൊരുങ്ങി ഗൾഫ്; എന്തൊക്കെ ശ്രദ്ധിക്കണം?
|പരീക്ഷ നടക്കുക കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്
നീറ്റ് പരീക്ഷക്ക് ഗൾഫിലും ഒരുക്കങ്ങൾ പൂർത്തിയായി. ഞായറാഴ്ചയാണ് നീറ്റ് പരീക്ഷ നടക്കുക. ദുബൈയിലെ ഊദ് മേത്ത ഇന്ത്യൻ ഹൈസ്കൂളായിരിക്കും യു.എ.ഇയിലെ നീറ്റ് പരീക്ഷ കേന്ദ്രം. കനത്ത കോവിഡ് മുൻകരുതൽ നടപടികൾ സ്വീകരിച്ചുകൊണ്ടാവും വിദ്യാർഥികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കുക.
ഞായാഴ്ച ഉച്ചക്ക് 12.30 മുതൽ 3.30 വരെയാണ് പരീക്ഷ നടക്കുക. കുവൈത്തിലും യു.എ.ഇയിലുമാണ് ഗൾഫിൽ പരീക്ഷാ കേന്ദ്രങ്ങൾ. ഊദ് മേത്ത സെന്റ് മേരീസ് പള്ളിയുടെ എതിർവശത്തുള്ള ഗേറ്റ് നമ്പർ 4,5,6 എന്നിവ മുഖേന വേണം വിദ്യാർഥികൾ സ്കൂളിലേക്ക് പ്രവേശിക്കാൻ. രാവിലെ 9.30 മുതൽ ഉച്ചക്ക് 12 വരെയാണ് പ്രവേശന സമയം.
പ്രദേശത്ത് പാർക്കിങ് സൗകര്യം കുറവാണെന്നതിനാൽ കുട്ടികളെ ഇറക്കാനും കയറ്റാനും മാത്രമെ രക്ഷിതാക്കൾക്ക് അനുമതിയുണ്ടാകൂ. കോവിഡ് പ്രതിസന്ധി കാലത്ത് ഗൾഫിൽ തന്നെ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചത് നൂറുകണക്കിന് കുട്ടികൾക്ക് ഗുണകരമായി.