ഹജ്ജിന് അർധവിരാമം കുറിച്ച് ഹാജിമാർ മിനായിലെത്തും; കർമങ്ങൾ പൂർത്തിയാക്കുന്ന തിരക്കിൽ ഹാജിമാർ
|പെരുന്നാൾ ദിനമായ ഇന്ന് ഹാജിമാർക്ക് ബലി കർമവും പൂർത്തിയാക്കുന്നുണ്ട്
മക്ക: ഹജ്ജിൽ ഏറ്റവും തിരക്ക് പിടിച്ച കർമങ്ങളാണ് ഇന്ന് ഹാജിമാർക്കുള്ളത്. ബുധനാഴ്ച രാവിലെ മുസ്ദലിഫയിൽ നിന്നെത്തിയ ഹാജിമാർ ജംറയിൽ കല്ലേറ് കർമം പൂർത്തിയാക്കുകയാണ്. ഇതിന് ശേഷം സംഘങ്ങളായി കഅ്ബക്കരികിലെത്തി വലയം ചെയ്യൽ പൂർത്തിയാക്കും. പെരുന്നാൾ ദിനമായ ഇന്ന് ഹാജിമാർക്ക് ബലി കർമവും പൂർത്തിയാക്കുന്നുണ്ട്. കർമങ്ങൾക്ക് ശേഷം ഹാജിമാർ മിനായിൽ തങ്ങും.
ചൊവ്വാഴ്ച അറഫാ സംഗമം കഴിഞ്ഞ ഹാജിമാർ മുസ്ദലിഫയിൽ രാപാർത്തു. പുലർച്ചയോടെ മിനായിൽ തിരികെയെത്തി. ഇവിടെ നിന്നും മുസ്ദലിഫയിൽ നിന്നും ശേഖരിച്ച കല്ലുകളുമായി കല്ലേറിനായി പുറപ്പെട്ടു. ജീവിതത്തിലെ പൈശാചികതകളെയാണ് ഹാജിമാരിവിടെ പ്രതീകാത്മകമായി കല്ലെറിയാൻ. ജംറത്തുൽ അഖബ എന്ന സ്തൂപത്തിനരികിലാണ് ഹാജിമാരിത് പൂർത്തിയാക്കി.
കല്ലേറിന് ശേഷം ഹാജിമാര്‍ നേരെ ഹറമിലെത്തി. ഇവിടെ കഅ്ബാ പ്രദക്ഷിണവും സഫാ മർവാ കുന്നുകൾക്കിടയിലെ പ്രയാണവും ഇബ്രാഹീം നബിയുടെ ത്യാഗങ്ങൾ സ്മരിച്ചു കൊണ്ട് ഇന്ന് ഹാജിമാർ ബലി കർമവും പൂർത്തിയാക്കുന്നുണ്ട്. ഇതിന് ശേഷം ഹാജിമാർ മുടിമുറിച്ച് ഹജ്ജിന്റെ വെള്ളവസ്ത്രത്തിൽ നിന്നും ഒഴിവാകും. ഇതോടെ ഹജ്ജിന്റെ പ്രധാന കര്‍മങ്ങള്‍ പൂര്‍ത്തിയാകും. ഇന്നത്തെ കർമങ്ങളെല്ലാം പൂർത്തിയാക്കിയ ഹാജിമാർക്ക് ഇനി വരുന്ന രണ്ട് ദിനങ്ങളിൽ കൂടി കല്ലേറ് കർമം ബാക്കിയുണ്ട്. അത് തീരും വരെ ഹാജിമാർ പ്രാർഥനകളോടെ തമ്പുകളിൽ തങ്ങും.