ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള രജിസ്‌ട്രേഷന്‍ തുടരുന്നു; 15 പേരെ വരെ കൂട്ടാളികളായി ചേര്‍ക്കാം
|മശാഇര്‍ ട്രൈന്‍ പരീക്ഷണയോട്ടം ആരംഭിച്ചു
ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് 15 പേരെ വരെ കൂട്ടാളികളായി ചേര്‍ക്കാമെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായിരിക്കും ഹജ്ജിന് അവസരം ലഭിക്കുക. ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി പുണ്യ നഗരങ്ങളില്‍ മശാഇര്‍ ട്രൈന്‍ പരീക്ഷണയോട്ടം ആരംഭിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ജൂണ് 11 വരെ ഇത് തുടരും. ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് ഹജ്ജിന് അവസരം ലഭിക്കുക. 65 വയസ്സ് വരെയുള്ള വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവരെ മാത്രമേ നറുക്കെടുപ്പില്‍ പങ്കെടുപ്പിക്കുകയുള്ളൂ. മുമ്പ് ഹജ്ജ് നിര്‍വഹിക്കാത്തവര്‍ക്ക് മുന്‍ഗണനയും നല്‍കും.
ഒരു അപേക്ഷകന് പരമാവധി 15 പേരെ വരെ കൂട്ടാളികളായി ചേര്‍ക്കാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇത് നറുക്കെടുപ്പിന്റെ ഫലത്തെ ബാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. നറുക്കെടുപ്പിലൂടെ ഹജ്ജിന് തെരഞ്ഞെടുക്കുന്നവരെ എസ്.എം.എസ് വഴി വിവരമറിയിക്കും. ഇവര്‍ 48 മണിക്കൂറിനുള്ളില്‍ ഇ-ട്രാക്ക് വഴി പണമടച്ച് പെര്‍മിറ്റ് കരസ്ഥമാക്കേണ്ടതാണ്.
10,200 റിയാല്‍ മുതല്‍ 14,300 റിയാല്‍ വരെയുള്ള മൂന്നു പാക്കേജുകളാണ് മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ചില ഹജ്ജ് സര്‍വീസ് കമ്പനികളും സ്ഥാപനങ്ങളും ഈടാക്കുന്ന നിരക്കുകളില്‍ നേരിയ വ്യത്യാസം ഉണ്ടായേക്കും. മറ്റു നഗരങ്ങളില്‍നിന്ന് മക്കയിലേക്കും മദീനയിലേക്കുമുള്ള വിമാന യാത്ര, ബസ് യാത്ര എന്നീ സേവനങ്ങള്‍കൂടി ഉള്‍പ്പെടുത്തുന്നതിനാലാണ് ഈ മാറ്റമെന്നും മന്ത്രാലയം വിശദീകരിച്ചു. ഹജ്ജ് മുന്നൊരുക്കങ്ങളുടെ ഭാഗമായി പുണ്യ നഗരങ്ങളില്‍ സര്‍വീസ് നടത്തുന്ന മശാഇര്‍ ട്രൈയിനിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചു. കോവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും തീര്‍ഥാടകരുടെ എണ്ണം വളരെ കുറവായിരുന്നതിനാല്‍ മശാഇര്‍ ട്രൈന്‍ പ്രവര്‍ത്തിച്ചിരുന്നില്ല.