Hajj
തീര്‍ഥാടകരെ സ്വീകരിക്കാന്‍ പൂര്‍ണ്ണസജ്ജമായി   പുണ്യനഗരം; ഹാജിമാര്‍ നാളെ മുതല്‍ മക്കയില്‍
Hajj

തീര്‍ഥാടകരെ സ്വീകരിക്കാന്‍ പൂര്‍ണ്ണസജ്ജമായി പുണ്യനഗരം; ഹാജിമാര്‍ നാളെ മുതല്‍ മക്കയില്‍

Web Desk
|
12 Jun 2022 4:50 PM GMT

ഹറമില്‍ പോയി വരാനുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സൗകര്യവും ഒരുങ്ങിക്കഴിഞ്ഞു

ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനെത്തിയ തീര്‍ത്ഥാടകരുടെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി നാളെ മുതല്‍ ഹാജിമാര്‍ മക്കയിലെത്തിത്തുടങ്ങും. ജൂണ്‍ 4 ,5 തീയതികളില്‍ കേരളത്തില്‍ നിന്നുമെത്തിയ 753 തീര്‍ഥാടകരാണ് നാളെ മക്കയില്‍ എത്തുക. മക്കയിലെ അസീസിയയില്‍ ബില്‍ഡിങ് നമ്പര്‍ ഒന്നിലാണ് ആദ്യ ദിവസം എത്തുന്ന ഹാജിമാര്‍ക്ക് താമസം ഒരുക്കിയിട്ടുള്ളത്. എട്ടു ദിവസത്തെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് ഹാജിമാര്‍ മക്കയിലേക്ക് പുറപ്പെടുന്നത്.

പ്രഭാത നമസ്‌കാരവും പ്രാര്‍ത്ഥനയും നിര്‍വഹിച്ച് യാത്ര പുറപ്പെടാന്‍ തയ്യാറാകണമെന്നാണ് മദീനയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥര്‍ തീര്‍ത്ഥാടകരെ അറിയിച്ചിട്ടുള്ളത്. ഇന്ത്യയില്‍നിന്ന് മദീനയിലെത്തിയ ഹാജിമാര്‍, പ്രവാചക ഖബറിടവും, മദീനയിലെ മറ്റു പുണ്യ കേന്ദ്രങ്ങളും സന്ദര്‍ശിച്ചിരുന്നു. ഇവിടങ്ങളിലെ ബില്‍ഡിങ് നമ്പര്‍ പതിക്കല്‍ തുടങ്ങിയ അവസാനഘട്ട തയ്യാറെടുപ്പുകളും ഇതിനകം പൂര്‍ത്തീകരിച്ചു കഴിഞ്ഞു.

അസീസിയയില്‍നിന്ന് ഹറമില്‍ പോയി വരാനുള്ള യാത്രാ സൗകര്യം നാളെ മുതല്‍ ആരംഭിക്കും. ഇന്ത്യയില്‍നിന്ന് ഇതുവരെ 14,076 ഹാജിമാര്‍ മദീനയില്‍ എത്തിയിട്ടുണ്ട്. ജൂണ്‍ 17 മുതല്‍ ജിദ്ദ വഴിയും ഹാജിമാര്‍ മക്കയിലെത്തിത്തുടങ്ങും.

Similar Posts