കുവൈത്തില്‍ ശക്തമായ മഴ; ഏറ്റവും കൂടുതൽ റാബിയയില്‍
|അടുത്ത ദിവസങ്ങളിലും മഴ തുടർന്നേക്കുമെന്നാണ് സൂചന.
കുവൈത്തില്‍ ശക്തമായ മഴ. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വിവിധ പ്രദേശങ്ങളിലെ റോഡുകള്‍ വെള്ളത്തിലായി. ഉച്ചകഴിഞ്ഞ് ആരംഭിച്ച മഴ രാത്രിയോടെ ശക്തമാവുകയായിരുന്നു. രാജ്യത്തെ മിക്ക പ്രദേശങ്ങളിലും ശക്തമായ ഇടിമിന്നലോടു കൂടിയ മഴയാണ് അനുഭവപ്പെട്ടത്. റാബിയ മേഖലയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്.
നവംബർ പകുതിയോടെ രാജ്യം ശൈത്യകാലത്തേക്ക് പ്രവേശിക്കുമെന്ന് കാലാവസ്ഥ വിദഗ്ധർ നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്ത ദിവസങ്ങളിലും മഴ തുടർന്നേക്കുമെന്നാണ് സൂചന. റാബിയ മേഖലയില്‍ 25.4 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. റുമൈതിയയില്‍ 17 മില്ലിമീറ്ററും ജാബ്രിയയിൽ 12.3 മില്ലീമീറ്ററും രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
മഴയെ തുടർന്ന് വിവിധ ഗവർണറേറ്റുകളിൽ നൂറിലേറെ അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മോശം കാലാവസ്ഥയില്‍ റോഡപകട സാധ്യത കൂടുതലാണെന്നും മുന്നിലുള്ള വാഹനവുമായി വ്യക്തമായ അകലം പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. മഴയെത്തുടർന്ന് അടച്ച റോഡുകളിൽ ഭൂരിഭാഗവും വൃത്തിയാക്കി ഗതാഗതത്തിനായി തുറന്നു കൊടുത്തുതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യവ്യാപകമായി മഴ അനുഭവപ്പെടുകയും ദൂരക്കാഴ്ച കുറവുമായതിനാൽ പൗരന്മാരോടും താമസക്കാരോടും ഒരുപോലെ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അടിയന്തര സഹായം ആവശ്യമുള്ളവര്‍ മന്ത്രാലയത്തിന്റെ 112 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ വിവരം അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. അതിനിടെ മഴ എത്തിയതോടെ രാജ്യത്തെ താപനിലയിൽ കാര്യമായ വ്യതിയാനവും സംഭവിച്ചിട്ടുണ്ട്.