സൗദിയിലേക്ക് ഹൂതി ആക്രമണം; ബഹ്റൈൻ സൈനികർ കൊല്ലപ്പെട്ടു
|സൗദിയിലെ അസീർ പ്രവിശ്യയോട് ചേർന്നാണ് ഡ്രോൺ ആക്രമണം നടന്നത്
റിയാദ്: യമനിൽ നിന്നും ഹൂതികൾ നടത്തിയ ആക്രമണത്തിൽ രണ്ട് ബഹ്റൈൻ സൈനികർ കൊല്ലപ്പെട്ടു. സൗദിയിലെ അസീർ പ്രവിശ്യയോട് ചേർന്നാണ് ഡ്രോൺ ആക്രമണം നടന്നത്. ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് സഖ്യസേന പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ആക്രമണം.
ഇന്നലെ രാത്രിയാണ് ഡ്രോൺ ആക്രമണം തുടങ്ങിയത്. സൗദിയിലെ അസീർ പ്രവിശ്യയോട് ചേർന്നുള്ള സൗദി സൈനിക ക്യാമ്പിനടുത്തായിരുന്നു ഡ്രോൺ ആക്രമണം. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേർ കൊല്ലപ്പെട്ടതായി സഖ്യസേന അറിയിച്ചത്.
യമനിൽ യുദ്ധം അവസാനിപ്പിക്കാൻ സൗദി യുഎൻ ശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗമായി യമനിൽ ദീർഘകാലമായി വെടിനിർത്തൽ തുടരുന്നുണ്ട്. ഹൂതികളുടെ സംഘവും യുദ്ധത്തിന് ശേഷം ആദ്യമായി കഴിഞ്ഞ ദിവസം റിയാദിലെത്തി ചർച്ചയിൽ ഭാഗമായി. വെടിനിർത്തൽ തുടരാനും യുദ്ധം അവസാനിപ്പിക്കാനുമാണ് നീക്കം. ഇതിനിടയിലാണ് ആക്രമണം. ഇത് സമാധാന ശ്രമങ്ങളെ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.