നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണം; നെറ്റ്ഫ്ലിക്സിന് മുന്നറിയിപ്പുമായി ഗൾഫ് രാജ്യങ്ങൾ
|കുട്ടികൾക്ക് എന്ന പേരിൽ നൽകുന്ന പരിപാടികളിലും ഇത്തരം നിയമവിരുദ്ധ ഉള്ളടക്കങ്ങളുണ്ട്. അവ നീക്കം ചെയ്യാൻ നെറ്റ്ഫ്ലിക്സ് ഉടൻ തയാറാകണം.
റിയാദ്: നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ നെറ്റ്ഫ്ലിക്സിന് ഗൾഫ് രാജ്യങ്ങളുടെ മുന്നറിയിപ്പ്. ജി.സി.സി രാജ്യങ്ങളുടെ ഇലക്ട്രോണിക് മീഡിയ ഉദ്യോഗസ്ഥരുടെ സമിതി റിയാദിൽ യോഗം ചേർന്നാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്. നിയമവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യുന്നത് തുടർന്നാൽ നെറ്റ്ഫ്ലിക്സിനെതിരെ നിയമനടപടി ആരംഭിക്കുമെന്നും സമിതി മുന്നറിയിപ്പ് നൽകി.
സൗദി അറേബ്യയുടെ അധ്യക്ഷതയിലാണ് സൗദിയിലെ ജനറൽ കമ്മീഷൻ ഫോർ ഓഡിയോ വിഷ്വൽ മീഡിയ, ജി.സി.സി രാജ്യങ്ങളുടെ ഇലക്ട്രോണിക് മീഡിയ ഉദ്യോഗസ്ഥരുടെ സമിതി എന്നിവ റിയാദിൽ സമ്മേളിച്ചത്. ഗൾഫ് രാജ്യങ്ങളുടെ മാധ്യമചട്ടങ്ങൾക്ക് യോജിക്കാത്ത ദൃശ്യങ്ങളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നുവെന്ന് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് നെറ്റ്ഫ്ലിക്സിനോട് അവ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതെന്ന് സമിതി വ്യക്തമാക്കി.
സാമൂഹികമൂല്യങ്ങൾക്കും ഇസ്ലാമികമൂല്യങ്ങൾക്കും നിരക്കാത്ത ഉള്ളടക്കങ്ങൾ നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്യുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി നെറ്റ്ഫ്ലിക്സ് അധികൃതരെ ജികാമും സമിതിയും ബന്ധപ്പെട്ടിട്ടുണ്ട്. കുട്ടികൾക്ക് എന്ന പേരിൽ നൽകുന്ന പരിപാടികളിലും ഇത്തരം നിയമവിരുദ്ധ ഉള്ളടക്കങ്ങളുണ്ട്. അവ നീക്കം ചെയ്യാൻ നെറ്റ്ഫ്ലിക്സ് ഉടൻ തയാറാകണം.
ഗൾഫ് രാജ്യങ്ങളിലെ നിയമങ്ങൾ പാലിക്കാൻ നെറ്റ്ഫ്ലിക്സ് എന്ന സ്ട്രീമിങ് പ്ലാറ്റ്ഫോം ബാധ്യസ്ഥരാണ്. അത് പാലിക്കുന്നുണ്ടോയെന്ന് സമിതി കർശനമായി നിരീക്ഷിക്കുമെന്നും നിയമലംഘനം തുടർന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും സമിതി കൂട്ടിച്ചേർത്തു.