കുവൈത്തില്‍ സ്വകാര്യ-വാണിജ്യ വാഹനങ്ങളുടെ വാർഷിക ഇന്‍ഷുറന്‍സ് വര്‍ധന; തീരുമാനം ഉടൻ നടപ്പാക്കില്ല
|നേരത്തെ ഏപ്രിൽ 16 മുതല്‍ വാഹനങ്ങൾക്ക് 19 ദിനാര്‍ വാർഷിക പ്രീമിയം 32 ദീനാർ ആക്കുന്നതടക്കമുള്ള തീരുമാനങ്ങൾക്ക് ഇൻഷുറൻസ് റെഗുലേറ്ററി യൂനിറ്റ് അംഗീകാരം നൽകിയിരുന്നു
കുവൈത്ത് സിറ്റി: രാജ്യത്ത് വാഹന തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധിപ്പിച്ച തീരുമാനം താൽകാലികമായി മരവിപ്പിച്ചു. കൂടുതൽ പഠനത്തിന് ശേഷമാകും ഇക്കാര്യത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കുകയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. നേരത്തെ ഏപ്രിൽ 16 മുതല്‍ വാഹനങ്ങൾക്ക് 19 ദിനാര്‍ വാർഷിക പ്രീമിയം 32 ദീനാർ ആക്കുന്നതടക്കമുള്ള തീരുമാനങ്ങൾക്ക് ഇൻഷുറൻസ് റെഗുലേറ്ററി യൂനിറ്റ് അംഗീകാരം നൽകിയിരുന്നു.
ഇൻഷുറൻസ് വർധനവിന് പുറമേ സർവീസ് ചാർജ്ജായി രണ്ട് ദിനാറും വാഹനത്തിലെ ഓരോ യാത്രക്കാരനും ഒരു ദിനാര്‍ വീതം പ്രീമിയവും നല്‍കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ഉപഭോക്താക്കള്‍ക്ക് ഇൻഷുറൻസ് ക്ലെയിം പൂർത്തിയാക്കിയ തീയതി മുതൽ പരമാവധി 10 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നഷ്ടപരിഹാരം നല്‍കണമെന്നും കമ്മിറ്റി നിര്‍ദ്ദേശിക്കുകയുണ്ടായി.അതേസമയം, എല്ലാ നിരക്കുകളിലും മാറ്റം വരുമോ എന്നത് വ്യക്തമല്ല.