കയറ്റിറക്കുമതി രംഗത്തെ ഉണർവ് കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യ- യു.എ.ഇ ധാരണ
|സമഗ്ര സാമ്പത്തിക കരാർ ഉഭയകക്ഷി വ്യാപാര രംഗത്ത് വൻ മുന്നേറ്റത്തിന് വഴിയൊരുക്കിയതായും ഇരു രാജ്യങ്ങളും വിലയിരുത്തി
ദുബൈ: കയറ്റിറക്കുമതി രംഗത്തെ ഉണർവ് കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യ- യു.എ.ഇ ധാരണ. സമഗ്ര സാമ്പത്തിക കരാർ ഉഭയകക്ഷി വ്യാപാര രംഗത്ത് വൻ മുന്നേറ്റത്തിന് വഴിയൊരുക്കിയതായും ഇരു രാജ്യങ്ങളും വിലയിരുത്തി. കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെ ആഗോളവിഷയങ്ങളിൽ അടുത്ത സഹകരണം രൂപപ്പെടുത്തി മുന്നോട്ടു പോകാനും തീരുമാനമായി
ന്യൂയോർക്കിൽ യു.എൻ പൊതുസഭാ സമ്മേളന പശ്ചാത്തലത്തിൽ ഇന്ത്യയുടെയും യു.എ.ഇയുടെയും വിദേശകാര്യ മന്ത്രിമാർ നടത്തിയ ചർച്ചയിലാണ് ഉഭയകക്ഷി ബന്ധം കൂടുതൽ കരുത്തുറ്റതാക്കി മാറ്റാൻ തീരുമാനിച്ചത്. ദൽഹിയിൽ സമാപിച്ച ജി 20 ഉച്ചകോടിയും തീരുമാനങ്ങളും വികസന രംഗത്ത് കൂടുതൽ കുതിപ്പിന് വഴിയൊരുക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനും പ്രതീക്ഷ പ്രകടിപ്പിച്ചു. സമഗ്ര സാമ്പത്തിക കരാറിലൂടെ കയറ്റിറക്കുമതി രംഗത്ത് വൻമുന്നേറ്റം രൂപപ്പെടുത്താൻ ഇരു രാജ്യങ്ങൾക്കും സാധിച്ചതായി മന്ത്രിമാർ വിലയിരുത്തി.
എണ്ണയിതര വ്യാപാരം 2030ഓടെ 100 ശതകോടി ഡോളർ എന്ന ലക്ഷ്യത്തിലെത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യ, യുഎ.ഇ തന്ത്രപ്രധാന ബന്ധം ലോകത്തിനു തന്നെ മാതൃകയാണ്. എല്ലാ തുറകളിലും മികച്ച സഹകരണവും മുന്നേറ്റവും തുടരേണ്ടതിന്റെ ആവശ്യകതയും മന്ത്രിമാർ ചൂണ്ടിക്കാട്ടി. യു.എഇ ആതിഥ്യമരുളുന്ന കോപ്പ് 28 ഉച്ചകോടിക്ക് ഇന്ത്യ എല്ലാ പിന്തുണയും ഉറപ്പാക്കും. മാനുഷിക ക്ഷേമത്തിന് ഉതകുന്ന ആഗോള നടപടികൾക്ക് പൂർണ പിന്തുണ നൽകാൻ യു.എഇ ഒരുക്കമാണെന്ന് ശൈഖ് അബ്ദുല്ല വ്യക്തമാക്കി.