ഖത്തറിലെ ഇന്ത്യക്കാരുടെ ക്ഷേമത്തിന് അമീറിന് നന്ദി പറഞ്ഞ് മോദി
|ഖത്തറില്‍ തടവിലായിരുന്ന ഇന്ത്യന്‍ നാവികരുടെ മോചനത്തിന് പിന്നാലെയാണ് മോദിയുടെ സന്ദര്‍ശനം
ദോഹ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, ഊര്‍ജം. നിക്ഷേപം തുടങ്ങിയ വിവിധ മേഖലകളിലെ സഹകരണം ചര്‍ച്ചയായി. ഖത്തറിലെ ഇന്ത്യക്കാരുടെ ക്ഷേമത്തില്‍ മോദി അമീറിന് നന്ദി പറഞ്ഞു . സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി അല്‍പസമയത്തിനകം മടങ്ങും
ഇന്നലെ രാത്രി ഖത്തര്‍ സമയം ഒമ്പതരയോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തര്‍ തലസ്ഥാനമായ ദോഹയിലെത്തിയത്. ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. രാത്രി ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി ഒരുക്കിയ അത്താഴവിരുന്നിലും മോദി പങ്കെടുത്തു. ഇന്ന് ഉച്ചയോടെയായിരുന്നു അമീരി ദിവാനിയില്‍ ഔദ്യോഗിക സ്വീകരണം.
തുടര്‍ന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ എന്നിവരും പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. ഖത്തറില്‍ തടവിലായിരുന്ന ഇന്ത്യന്‍ നാവികരുടെ മോചനത്തിന് പിന്നാലെയാണ് മോദിയുടെ സന്ദര്‍ശനം.