ഇന്ത്യൻ സ്കൂൾ സലാല ഷൂട്ടൗട്ട്; സാപിൽ എഫ്.സിയും വൽ ഹല്ലായും ജേതാക്കൾ
|ഖത്തർ ലോകകപ്പിന്‍റെ പശ്ചാത്തലത്തിൽ സ്കൂൾ മൈതാനിയിൽ സംഘടിപ്പിച്ച മത്സരം രണ്ട് വിഭാഗങ്ങളിലായാണ് നടന്നത്
സലാല: ഇന്ത്യൻ സ്കൂൾ സലാല നാൽപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ഖത്തർ ലോകകപ്പിന്‍റെ പശ്ചാത്തലത്തിൽ സ്കൂൾ മൈതാനിയിൽ സംഘടിപ്പിച്ച മത്സരം രണ്ട് വിഭാഗങ്ങളിലായാണ് നടന്നത്. മുപ്പത്തിയഞ്ച് ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. വാശിയേറിയ മത്സരത്തിനൊടുവിൽ ഗോൾ കീപ്പർ ഷഹസറിന്റെ മികവിൽ വൽ ഹല്ലാ ടീം വിജയികളായി. സുഫാർ എഫ്.സിയാണ് രണ്ടാമതെത്തിയത്. എസ്.എം.സി കോ കൺവീനർ നവനീത ക്യഷ്ണനാണ് മത്സരം ഉദ്ഘാടനം ചെയ്തു.
രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിച്ച മത്സരത്തിൽ വിവിധ ക്ലബ്ബുകളെയും സാംസ്കാരിക സംഘടനകളെയും പ്രതിനിധീകരിച്ച് പതിനാല് ടീമുകള്‍ പങ്കെടുത്തു. ഇതിൽ ബ്രദേഴ്സ് എഫ്.സി യെ പരാജയപ്പെടുത്തി സാപിൽ എഫ്.സി വിജയികളായി. മൂന്നാം സ്ഥാനം അൽ കിയാൻ എഫ്.സിയും കരസ്ഥമാക്കി. മികച്ച ഗോൾ കീപ്പറായി മുഹമ്മദ് ഫഹീമിനെ തെരഞ്ഞെടുത്തു. മാനേജിംഗ് കമ്മിറ്റിയംഗം യാസർ മുഹമ്മദാണ് മത്സരം ഉദ്ഘാടനം ചെയ്തത്.
വിജയികൾക്ക് സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്‍റ് സയ്യിദ് അഹ്സൻ ജമീൽ, പ്രിൻസിപ്പൽ ദീപക് പഠാങ്കർ, എസ്.എം.സി ട്രഷറർ ഡോ:അബൂബക്കർ സിദ്ദീഖ് , എസ്.എം.സി കൺവീനർ ഡോ:മുഹമ്മദ് യൂസുഫ്, എസ്.എം.സി അംഗം ഡോ:ഷാജി.പി.ശ്രീധർ, എസ്.എം.സി അംഗം മുഹമ്മദ് ജാബിർ ഷരീഫ് , പ്രത്യേക ക്ഷണിതാവ് സബീഹ നഹീദ് അലി, ഇഹ്സാൻ സിദ്ദീഖ്, യൂസുഫ് മമ്മൂട്ടി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ ദീപക് പഠാങ്കർ ,അസിസ്റ്റൻഡ് വൈസ് പ്രിൻസിപ്പൽമാരായ വിപിൻ ദാസ്, അനീറ്റ റോസ് തുടങ്ങിയവർ പരിപാടിക്ക് നേത്യത്വം നൽകി.