സൗദിയിൽ പരിശോധന തുടരുന്നു; ഒരാഴ്ച്ചയ്ക്കിടെ പിടിയിലായത് 16000ത്തിലധികം നിയമലംഘകർ
|9000ത്തിലധികം പേരെ നാടുകടത്തി.
റിയാദ്: സൗദിയിൽ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ഒരാഴ്ച്ചയ്ക്കിടെ പിടിയിലായത് 16,000ലേറെ നിയമലംഘകർ. ഇതിൽ ഭൂരിഭാഗവും ഇഖാമ നിയമലംഘകരാണ്. ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ രണ്ടു വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.
പിടിയിലായവരിൽ 10,000ത്തിലധികം പേർ ഇഖാമ നിയമ ലംഘകരും 2,172 പേർ തൊഴില്‍ നിയമ ലംഘകരുമാണ്. കൂടാതെ രാജ്യത്തേക്ക് നുഴഞ്ഞുകയറിയ 4400ലധികം പേരും സുരക്ഷാ വിഭാഗത്തിൻ്റെ പിടിയിലായി.
മാത്രമല്ല അതിര്‍ത്തികള്‍ വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ 321 പേരും അതിർത്തി വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 69 പേരും ഒരാഴ്ച്ചയ്ക്കിടെ അറസ്റ്റിലായിട്ടുണ്ട്.
നിലവില്‍ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന 53,366 പേര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതിൽ 3,892 പേര് വനിതകളാണ്. ഒരാഴ്ച്ചയ്ക്കിടെ 9,203 നിയമ ലംഘകരെ സൗദിയില്‍ നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.