റമദാനായതോടെ ജിദ്ദ വിമാനത്താവളത്തിൽ തിരക്ക് വർധിച്ചു; 19 ദിവസത്തിനിടെ 20 ലക്ഷം തീർത്ഥാടകരെത്തി
|പതിനൊന്നര ലക്ഷം ബാഗേജുകളാണ് ഈ കാലയളവിൽ ജിദ്ദ വിമാനത്താവളത്തിൽ കൈകാര്യം ചെയ്തത്
ജിദ്ദ: റമദാനിലെ ആദ്യ 19 ദിവസത്തിനിടെ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 20 ലക്ഷത്തിലേറെ തീർത്ഥാടകരെത്തി. 13,000 ലേറെ വിമാന സർവീസുകൾ ഈ ദിവസങ്ങൾക്കിടെ നടന്നു. പതിനൊന്നര ലക്ഷം ബാഗേജുകളാണ് ഈ കാലയളവിൽ ജിദ്ദ വിമാനത്താവളത്തിൽ കൈകാര്യം ചെയ്തത്. റമദാൻ അവസാനത്തെ പത്തിലേക്ക് പ്രവേശിച്ചതോട തിരക്ക് ഇനിയും വർധിക്കും.
മക്കയിലേക്ക് വരുന്ന തീർത്ഥാടകരുടെ എണ്ണത്തിലുള്ള വർധനവും, പെരുന്നാൾ അവധിക്കായും മറ്റും ധാരാളം പ്രവാസികൾ സ്വദേശങ്ങളിലേക്ക് പോകുന്നതും, സ്കൂൾ അവധിക്കാലമായതിനാൽ കുടുംബങ്ങൾ ധാരാളമായി സന്ദർശന വിസകളിലെത്തുന്നതും തിരക്ക് വർധിക്കാൻ കാരണമാകും. ഇത് കണക്കിലെടുത്ത് എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ജിദ്ദ എയർപോർട്ട്‌സ് കമ്പനി അറിയിച്ചു. തിരക്കേറിയ സമയങ്ങളിൽ വിവിധ വകുപ്പുകളിലായി 16,000 ത്തോളം ജീവനക്കാർ സേവനമനുഷ്ഠിക്കും.
തീർത്ഥാടകർക്കും യാത്രക്കാർക്കും വ്യത്യസ്ത യാത്ര സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഒന്നാം നമ്പർ ടെർമിനലുമായി ബന്ധിപ്പിച്ച ഹറമൈൻ ട്രൈൻ ദിവസേന 16 സർവീസുകളാണ് മക്കയിലേക്ക് നടത്തുന്നത്. കൂടാതെ സൌജന്യ ഷട്ടിൽ ബസ് സർവീസുകളും, ടാക്സി, ഓണ്ലൈൻ ടാക്സി സേവനങ്ങളും വിമാനത്താവളത്തിൽ ലഭ്യമാണ്.