Gulf
ട്രാഫിക് നിയമലംഘനങ്ങൾ ബന്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി കരാറില്‍ ഒപ്പുവെച്ച് കുവൈത്തും ഖത്തറും
Gulf

ട്രാഫിക് നിയമലംഘനങ്ങൾ ബന്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി കരാറില്‍ ഒപ്പുവെച്ച് കുവൈത്തും ഖത്തറും

Web Desk
|
15 Jun 2023 4:08 PM GMT

എല്ലാ ഗൾഫ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഏകീകൃത ട്രാഫിക് സംവിധാനത്തിന്‍റെ ഭാഗമായാണ് പുതിയ നീക്കം

ദോഹ: ഗൾഫ് സഹകരണ കൗൺസിൽ പൊതു ട്രാഫിക് ഡിപ്പാർട്ട്‌മെന്റുകൾക്കിടയിലെ ട്രാഫിക് നിയമലംഘനങ്ങൾ ബന്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി കുവൈത്തും ഖത്തറും കരാറില്‍ ഒപ്പുവെച്ചു. പിഴ അടക്കുന്നത് അടക്കമുള്ള സുരക്ഷാ, ട്രാഫിക് ഏകീകരണ നടപടികൾ പൂര്‍ത്തിയായി വരുന്നതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം ടെക്‌നിക്കൽ ഓഫീസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഖാലിദ് അൽ അദ്വാനി അറിയിച്ചു.

എല്ലാ ഗൾഫ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഏകീകൃത ട്രാഫിക് സംവിധാനത്തിന്‍റെ ഭാഗമായാണ് പുതിയ നീക്കം. ഇതോടെ ഇരു രാജ്യങ്ങളും തമിലുള്ള ഗതാഗത വിവരങ്ങള്‍ അന്യോനം കൈമാറുമെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വ്യക്തമാക്കി. ഏകീകൃത സംവിധാനം വഴി നിയമലംഘനത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ അതിവേഗം ട്രാഫിക് വകുപ്പിന് ലഭിക്കും. നിലവിൽ ഏതെങ്കിലുമൊരു ജിസിസി രാജ്യത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു ഗൾഫ് രാജ്യത്ത് ചെന്ന് ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയാൽ ഫൈന്‍ ചുമത്താൻ സാങ്കേതികമായി തടസ്സമുണ്ടായിരുന്നു.പുതിയ കരാര്‍ വരുന്നതോടെ ഈ രാജ്യങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തിയാല്‍ വാഹനം രജിസ്റ്റര്‍ ചെയ്ത രാജ്യത്ത് നിന്ന് പിഴ ഈടാക്കാം.

നേരത്തെ ഫെബ്രുവരിയിൽ കുവൈത്ത് യു.എ.ഇയുമായും ഏകീകൃത സംവിധാനം നടപ്പില്‍ വരുത്താനുള്ള കരാറില്‍ ഒപ്പ് വെച്ചിരുന്നു. നിയമം വരുന്നതോടെ ഈ രാജ്യങ്ങളില്‍ നിയമം ലംഘിച്ച് അടുത്ത രാജ്യത്തേക്ക് ജോലി തേടിപ്പോകുന്ന ഡ്രൈവര്‍മാര്‍ക്ക് ശിക്ഷാ നടപടികൾ നേരിടേണ്ടി വരും.ഫൈന്‍ ചുമത്തിയതില്‍ അപാകത ഉണ്ടെങ്കില്‍ ഉമടകള്‍ക്ക് അത് ബോധിപ്പിക്കാനും സംവിധാനമുണ്ടാവും. മറ്റൊരു രാജ്യത്ത് ഗതാഗത നിയമലംഘനം നടത്തി ഫൈന്‍ ചുമത്തപ്പെട്ട വാഹനമാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നത് രാജ്യത്തിനു പുറത്തുനിന്നും വാഹനം വാങ്ങുന്നവര്‍ക്ക് ഗുണകരമാകും .ഏകീകൃത ട്രാഫിക് കരാര്‍ നിലവില്‍ വന്നതോടെ ട്രാഫിക് നിയമലംഘനങ്ങൾ സംബന്ധിച്ച് ജിസിസി രാജ്യങ്ങള്‍ക്കിടയിൽ എളുപ്പത്തിലുള്ള ഏകോപനവും ഡാറ്റാ കൈമാറ്റവും കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ പറഞ്ഞു.

Similar Posts