ഗസ്സയിലേക്ക് സഹായം തുടർന്ന് കുവൈത്തും സൗദിയും; ഖത്തറിൽ ഐക്യദാർഢ്യസംഗമം
|ഈജിപ്തിലെ അൽ-അരിഷ് വിമാനത്താവളം വഴി റഫ അതിർത്തിയിലൂടെയാണ് സാധനങ്ങളെത്തിക്കുന്നത്
ഗസ്സയിലെ ജനങ്ങൾക്ക് സഹായം തുടർന്ന് കുവൈത്തും സൗദി അറേബ്യയും. ദുരിതാശ്വാസ വസ്തുക്കളുമായി കുവൈത്തിൽ നിന്നുള്ള 20ാമത്തെ വിമാനം ബുധനാഴ്ച ഈജിപ്തിലെ അൽ അരിഷ് എയർപോർട്ടിലെത്തി. സൗദി അറേബ്യയുടെ ഏഴാം ഘട്ട സഹായവും ഈജിപ്തിലെത്തി.
ഭക്ഷണവും മെഡിക്കൽ സാമഗ്രികളും അടക്കം അടിയന്തിര ദുരിതാശ്വാസ സഹായം ഉൾകൊള്ളുന്നതാണ് കുവൈത്തിൽ നിന്നുള്ള വിമാനം. ഗസ്സയിലെ ജനതക്ക് ആശ്വാസം നൽകുന്നതിന് കുവൈത്ത് അമീറിന്റെയും കിരീടാവകാശിയുടെയും നിർദേശത്തെ തുടർന്നാണ് ദുരിതാശ്വാസ സഹായം എത്തിക്കുന്നത്. നേരിട്ട് ഗസ്സയിലെത്താൻ കഴിയാത്തതിനാൽ അൽ-അരിഷ് വിമാനത്താവളം വഴി റഫ അതിർത്തിയിലൂടെയാണ് സാധനങ്ങളെത്തിക്കുന്നത്. ഗസ്സയിലേക്ക് അടിയന്തര സഹായങ്ങളും ആംബുലൻസുകളും എത്തിക്കുന്നതായും നിലവിലെ സാഹചര്യത്തിൽ മാനുഷിക സംഘടനകളിൽ നിന്ന് കൂടുതൽ സഹായങ്ങൾ പ്രതീക്ഷുക്കുന്നതായും കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം മേധാവി ഖാലിദ് അൽ സെയ്ദ് പറഞ്ഞു. റെഡ് ക്രസന്റ് സൊസൈറ്റിയുടെ വെബ്സൈറ്റ് വഴിയാണ് സംഭാവന സ്വീകരിക്കുന്നത്. ഗസ്സയിലെ വിവിധ ഗവൺമെൻറ് വകുപ്പുകളും ചാരിറ്റി സംഘടനകളും ഏകോപിപ്പിച്ചാണ് സഹായങ്ങൾ അയക്കുന്നത്.
സൗദിയിൽ നിന്ന് ഭക്ഷ്യ ഉൽപന്നങ്ങൾ, വസ്ത്രങ്ങൾ എന്നിവയടങ്ങുന്ന മുപ്പത്തിയഞ്ച് ടൺ വസ്തുക്കളുമായാണ് വിമാനം ഈജിപ്തിലെ അൽ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഇതിനകം ഈജിപ്തിലെത്തിച്ച ആദ്യഘട്ട സഹായങ്ങളിലെ വസ്തുക്കൾ ഫലസ്തീനിലെത്തിച്ച് ദുരിതബാധിതർക്ക് വിതരണമാരംഭിച്ചു.
അവശ്യ സാധനങ്ങളായ ഭക്ഷ്യ ഉൽപന്നങ്ങൾ, പാർപ്പിട സൗകര്യങ്ങൾ, മരുന്നുകൾ, വസ്ത്രങ്ങൾ എന്നിവ അടങ്ങുന്നതാണ് സഹായം. 35 ടൺ ദുരുതാശ്വാസ വസ്തുക്കളാണ് ഈ ഘട്ടത്തിൽ വിതരണത്തിനായി അയച്ചത്. വിമാനത്താവളത്തിലെത്തിച്ച ഉൽപന്നങ്ങൾ ദുരിത മുഖത്തുള്ള ആളുകൾക്കെത്തിക്കാനുള്ള തയ്യാറെടുപ്പും നടന്നു വരികയാണ്. ഇതിനകം ഈജിപ്തിലെത്തിച്ച ആദ്യഘട്ട സഹായങ്ങളിലെ വസ്തുക്കൾ ഫലസ്തീനിലേക്കെത്തിച്ച് ദുരിതബാധിതർക്കിടയിൽ വിതരണമാരംഭിച്ചിട്ടുണ്ട്. കിംഗ് സൽമാൻ റിലീഫ് സെന്റർ മുഖേനയാണ് സഹായം വിതരണം ചെയ്യുന്നത്. ഇതിനിടെ ഫലസ്തീനായി സൗദിയിൽ ആരംഭിച്ച പബ്ലിക് ഫണ്ട് ശേഖരണത്തിലേക്ക് സഹായ പ്രവാഹം തുടരുകയാണ്. സാഹിം പ്ലാറ്റ്‌ഫോം വഴിയുള്ള ധനസമാഹരണം 496 ദശലക്ഷം റിയാൽ പിന്നിട്ടു.
ഖത്തറിൽ ഫലസ്തീൻ ഐക്യദാർഢ്യസംഗമം
ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഖത്തറിൽ ഫലസ്തീൻ ഐക്യദാർഢ്യസംഗമം സംഘടിപ്പിച്ചു. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മതസൗഹാർദ കൂട്ടായ്മയായ ഇന്റർനാഷണൽ സെൻറർ ഫോർ ഇന്റർഫെയ്ത്ത് ഡയലോഗ് ആണ് പരിപാടി സംഘടിപ്പിച്ചത്.
ഗസ്സയിലെ ഇസ്രായേലിന്റെ കൂട്ടയ്‌ക്കൊലക്ക് പരിഹാരം കാണുന്നതിൽ ലോകം രാഷ്ട്രീയമായും ധാർമികമായും പരാജയപ്പെടുന്നതിനിടെയാണ് ഖത്തറിൽ ആയിരങ്ങൾ പങ്കെടുത്ത ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നടന്നത്. ഖത്തറിന്റെ സാംസ്‌കാരിക തലസ്ഥാനമായ കതാറ വില്ലേജിലെ ആംഫി തിയേറ്ററിൽ നടന്ന പരിപാടിയിൽ സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം നിരാലംബരായ മനുഷ്യരെ കൂട്ടക്കൊല നടത്തുന്ന ഇസ്രായേലിന്റെ യുദ്ധക്കൊതിക്കെതിരെ പ്രതിഷേധമിരമ്പി.
ദോഹ ഇന്റർ ഫെയ്ത്ത് ഡയലോഗ് പ്രതിനിധികൾക്ക് പുറമെ ഖത്തറിലെ സാമൂഹ്യ-സാംസ്‌കാരിക, നിയമ, ആത്മീയ രംഗത്തെ പ്രമുഖരും വിവിധ ക്രിസ്ത്യൻ ചർച്ചുകളുടെ മേധാവികളും ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഖത്തറിൽ നിന്നും ഫലസ്തീനിൽ നിന്നുമുള്ള കുരുന്നുകൾ കവിതകളിലൂടെ ഗസ്സയിൽ പിടഞ്ഞുവീഴുന്ന കുഞ്ഞുങ്ങളുടെ നഷ്ട സ്വപ്നങ്ങൾ പങ്കുവെച്ചു. സ്വതന്ത്ര ഫലസ്തീൻ എന്ന മുദ്രാവാക്യവുമായി നിരവധി പ്രവാസി മലയാളികളും ഐക്യദാർഢ്യസംഗമത്തിൽ പങ്കെടുത്തു.