Gulf
Kuwait City, lowest cost of living in the ,West Asian cities, latest malayalam news
Gulf

പശ്ചിമേഷ്യന്‍ നഗരങ്ങളില്‍ ഏറ്റവും കുറഞ്ഞ ജീവിത ചെലവുള്ള നഗരമായി കുവൈത്ത് സിറ്റി

Web Desk
|
7 Jun 2023 5:18 PM GMT

അൽജിയേഴ്‌സ്, അൽമാറ്റി, ടുണിസ്, താഷ്‌കന്റ് എന്നീ നഗരങ്ങളാണ് ആഗോളതലത്തില്‍ ഏറ്റവും ചെലവ് കുറഞ്ഞ നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയത്

കുവൈത്ത് സിറ്റി: പശ്ചിമേഷ്യന്‍ നഗരങ്ങളില്‍ ഏറ്റവും കുറഞ്ഞ ജീവിത ചെലവുള്ള നഗരമായി കുവൈത്ത് സിറ്റി. ആഗോള ഏജന്‍സിയായ മെര്‍സര്‍ പുറത്തുവിട്ട 2023 ലെ ജീവിതച്ചെലവ് സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ലോകത്തിലെ 227 ചെലവ് കുറഞ്ഞ നഗരങ്ങളുടെ പട്ടികയിലാണ് കുവൈത്ത് സിറ്റി, ആഗോളതലത്തിൽ 131 മതും ഗൾഫിൽ ഒന്നാമതുമായത്.

താമസ വാടകക്കു പുറമെ ഭക്ഷണം, വസ്ത്രം, ഗതാഗതം,ആരോഗ്യ സംരക്ഷണം,കറൻസിയിലെ ഏറ്റക്കുറച്ചിലുകൾ, വിലയിലെ അസ്ഥിരത തുടങ്ങി നിരവധി ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിട്ടുള്ളത്. അൽജിയേഴ്‌സ്, അൽമാറ്റി, ടുണിസ്, താഷ്‌കന്റ് എന്നീ നഗരങ്ങളാണ് ആഗോളതലത്തില്‍ ഏറ്റവും ചെലവ് കുറഞ്ഞ നഗരങ്ങളില്‍ ഇടം നേടിയത് . ഗള്‍ഫ്‌ മേഖലയില്‍ ദുബായ്, അബുദാബി, റിയാദ്, മനാമ, ജിദ്ദ എന്നി നഗരങ്ങളാണ് പ്രവാസികൾക്ക് ഏറ്റവും ചെലവേറിയ നഗരങ്ങള്‍ .

ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ ദുബൈക്ക് 18 സ്ഥാനമാണുള്ളത്. പെട്രോളിയം വില തകര്‍ച്ചയെ തുടര്‍ന്ന് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ രൂപപ്പെട്ട ജീവിതച്ചെലവാണ് ഗള്‍ഫ്‌ നഗരങ്ങള്‍ക്ക് തിരിച്ചടിയായത്.അറബ് നഗരങ്ങളില്‍ മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജീവിത ചെലവ് അധികരിച്ചതായും സര്‍വേ വ്യക്തമാക്കുന്നു. ചില ഘടകങ്ങൾ ചെലവ് വർധിപ്പിച്ചപ്പോൾ മറ്റു ഘടകങ്ങൾ ജീവിതച്ചെലവ് കുറക്കാനും വഴിയൊരുക്കി.ഹോങ്കോംഗ്, സിംഗപ്പൂർ, സൂറിച്ച് എന്നിവയാണ് ആഗോളതലത്തില്‍ ഏറ്റവും ചെലവേറിയ നഗരങ്ങൾ. വരുമാനത്തില്‍ കാര്യമായ വര്‍ധന ഇല്ലാതിരിക്കെ തന്നെ, ഗള്‍ഫ്‌ നഗരങ്ങളില്‍ ജീവിത ചെലവുകള്‍ കുത്തനെ ഉയരുന്നത് പ്രവാസി സമൂഹത്തിന് വലിയ വെല്ലുവിളിയായി മാറുന്നതായ സൂചനയും സര്‍വേ റിപ്പോര്‍ട്ടിലുണ്ട്

Similar Posts