Gulf
കള്ളപ്പണം വെളുപ്പിക്കുന്നതിനും, തീവ്രവാദ ഫണ്ടിങ്ങിനുമെതിരെ ശക്തമായ നടപടിയുമായി കുവൈത്ത്
Gulf

കള്ളപ്പണം വെളുപ്പിക്കുന്നതിനും, തീവ്രവാദ ഫണ്ടിങ്ങിനുമെതിരെ ശക്തമായ നടപടിയുമായി കുവൈത്ത്

Web Desk
|
21 Jan 2023 6:19 PM GMT

സംശയം തോന്നുന്ന മുഴുവന്‍ പണമിടപാടുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി

കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കുന്നതിനും, തീവ്രവാദ ഫണ്ടിങ്ങിനുമെതിരെ ശക്തമായ നടപടിയുമായി കുവൈത്ത്. സംശയം തോന്നുന്ന മുഴുവന്‍ പണമിടപാടുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കുവൈത്തില്‍ ധനകാര്യ സ്ഥാപനങ്ങളിലെ പണമിടപാടുകൾ കര്‍ശനമായി നീരീക്ഷിക്കുവാന്‍ ഒരുങ്ങി സെന്‍ട്രല്‍ ബാങ്ക്. രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾ പണമിടപാടുകൾ സൂക്ഷമത പുലർത്തണമെന്നും സംശയാസ്പദമായ ഇടപാടുകളുടെ വിവരങ്ങള്‍ പങ്ക് വെക്കണമെന്നും കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ഫണ്ടിങ് എന്നിവക്കെതിരായ നടപടിയുടെ ഭാഗമായാണ് നിര്‍ദ്ദേശം നല്‍കിയത്. അടുത്ത പത്ത് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ എക്‌സ്‌ചേഞ്ച് കമ്പനികള്‍ വിവരങ്ങള്‍ കൈമാറണം. റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള രാജ്യങ്ങളിലേക്ക് ഇടപാട് നടത്തിവരുടെ വിവരം, കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിങ്ങനെ സംശയിക്കുന്ന ഇടപാടുകൾ, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംശയിക്കുന്ന കേസുകളുടെ എണ്ണം എന്നിവയാണ് റിപ്പോർട്ട് ചെയ്യേണ്ടത്.

ഉപഭോക്താക്കളുടെ വിവരങ്ങളില്‍ എന്തെങ്കിലും പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിനെ വിവരം അറിയിക്കണമെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. നേരത്തെ ഉപഭോക്താക്കളുമായി യാതൊരു ബന്ധവുമില്ലാത്തവരുടെ പേരിലോ കുവൈത്തിന് പുറത്തുള്ള സ്ഥാപനങ്ങലുടെ പേരിലോ പണം അയക്കുന്നതിനെതിരെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇത്തരം പണമിടപാടുകളുടെ നിയമപരമായ ബാധ്യത ആ വ്യക്തിയില്‍ വന്നുചേരുമെന്നും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

Similar Posts