ആഗോള പട്ടിണി സൂചികയില്‍ ഒന്നാമതെത്തി കുവൈത്ത്
|രാജ്യത്ത് പട്ടിണിയും പോഷകാഹാരക്കുറവും ഇല്ല
ആഗോള പട്ടിണി സൂചികയില്‍ കുവൈത്തിന് മികച്ച മുന്നേറ്റം. 121 രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് ഒന്നാമതെത്തി. ഐറിഷ് ഏജന്‍സിയായ കണ്‍സേണ്‍ വേൾഡ് വൈഡും ജര്‍മന്‍ സംഘടനയായ വെല്‍റ്റ് ഹംഗള്‍ ഹൈല്‍ഫും ചേര്‍ന്നാണ് പട്ടിക തയ്യാറാക്കിയത്.
പട്ടിണിയും പോഷകാഹാരക്കുറവും നിരീക്ഷിക്കുന്ന ഗ്ലോബൽ ഹംഗർ ഇൻഡക്‌സിന്‍റെ പട്ടികയിലാണ് കുവൈത്ത് ഒന്നാമത് എത്തിയത്. ഒരു രാജ്യത്തെ ശിശു ജനസംഖ്യയുടെ അനുപാതവും അവിടുത്തെ പോഷകാഹാരക്കുറവും അടിസ്ഥാനമാക്കിയുള്ളതാണ് ആഗോള പട്ടിണി സൂചിക.
അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക്, ഉയരത്തിന് അനുസൃതമായ ഭാരം, വിളര്‍ച്ച, ശരീരശോഷണം തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ സൂചിക തയ്യാറാക്കുന്നത്. കുവൈത്തിനൊപ്പം ചൈന, തുർക്കി എന്നിവയുൾപ്പെടെ 17 രാജ്യങ്ങൾ ഗ്ലോബൽ ഹംഗർ ഇൻഡക്സ് സ്‌കോർ അഞ്ചിൽ താഴെ നിലനിർത്തി.
121 രാജ്യങ്ങളിലെ ദേശീയ, പ്രാദേശിക തലത്തിലുള്ള ആഹാര ലഭ്യത കണക്കിലെടുത്തുള്ള സൂചികയിലാണ് കുവൈത്ത് ഒന്നാം റാങ്ക് പങ്കിട്ടതെന്ന് ജി.എച്ച്.ഐ വ്യക്തമാക്കി.