കുവൈത്തിൽനിന്ന് കഴിഞ്ഞമാസം നാടുകടത്തിയത് 1764 വിദേശികളെ
|1058 പുരുഷന്മാരും 706 സ്ത്രീകളുമാണ് ജനുവരിയിൽ വിവിധ കാരണങ്ങളാൽ നാടുകടത്തപ്പെട്ടത്
കുവൈത്തിൽനിന്ന് 1764 വിദേശികളെ കഴിഞ്ഞമാസം നാടുകടത്തി. 1058 പുരുഷന്മാരും 706 സ്ത്രീകളുമാണ് ജനുവരിയിൽ വിവിധ കാരണങ്ങളാൽ നാടുകടത്തപ്പെട്ടത്. താമസ നിയമലംഘനം, അനധികൃത ഗാർഹികത്തൊഴിലാളി ഓഫീസ് നടത്തിപ്പ്, ലൈസൻസില്ലാതെ വാഹനമോടിക്കൽ, നാർക്കോട്ടിക് കേസ് എന്നിവയുമായി ബന്ധപ്പെട്ടവരാണ് നാടുകടത്തപ്പെട്ടവരിൽ ഏറെയുമുള്ളത്. കോടതി നാടുകടത്താൻ ഉത്തരവിട്ടവരും ഈ കൂട്ടത്തിലുണ്ട്.
കഴിഞ്ഞ വർഷം രാജ്യത്തുനിന്ന് 18,221 വിദേശികളെയാണ് നാടുകടത്തിയത്. കോവിഡ് നിയന്ത്രണങ്ങളും വിമാനസർവീസുകൾ ഇല്ലാത്തതും മൂലം കഴിഞ്ഞ വർഷം നാടുകടത്തൽ നടപടികൾ വൈകിയിരുന്നു. പിടിയിലാകുന്നവരെ പാർപ്പിക്കാൻ സ്ഥലമില്ലാത്തതിനാൽ സുരക്ഷ പരിശോധനകൾ കഴിഞ്ഞ വർഷം കർശനമാക്കിയിരുന്നില്ല. ജയിലിൽ ആളൊഴിയുന്ന മുറക്ക് ഒറ്റപ്പെട്ട രീതിയിലാണ് ഇപ്പോൾ സുരക്ഷാ പരിശോധനകൾ പുരോഗമിക്കുന്നത്. വിമാനസർവീസുകൾ പഴയപടി ആയതും നാടുകടത്തൽ നടപടികൾക്ക് വേഗം കൂട്ടിയിട്ടുണ്ട്.
1764 foreigners were deported from Kuwait last month.